മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് 100അടി മുകളിൽ നിന്ന് താഴേക്ക് വീണ യുവാവ് മരിച്ചു. കുളു ജില്ലയിലെ ദോഖി മേഖലയിലാണ് പാരാഗ്ലൈഡിങ്ങിനിടെ അപകടമുണ്ടായത്. അപകടത്തിൽ 30കാരനായ മഹാരാഷ്ട്ര സ്വദേശി സൂരജ് സഞ്ജയ് ഷായാണ് മരിച്ചത്. സുഹൃത്തുക്കളുമായി മണാലി സന്ദർനത്തിന് എത്തിയതായിരുന്നു ഷാ.
ഇൻസ്ട്രക്ടറോടൊപ്പം പറക്കുന്നതിനിടെയാണ് അപകടം. ഉണ്ടായത്. ഇൻസ്ട്രക്ടർ സുരക്ഷിതനാണ്. സംഭവത്തിൽ അശ്രദ്ധമൂലം അപകടമുണ്ടാക്കിയതിന് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കുളു എസ്.പി ഗുർദേവ് ശർമ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിലും പാരാഗ്ലൈഡിങ്ങിനിടെ അപകടമുണ്ടായി സൗത് കൊറിയൻ സ്വദേശി മരിച്ചിരുന്നു. പാരച്യൂട്ടിന്റെ കനോപി തുറക്കാത്തതിനെ തുടർന്ന് 50 അടി മുകളിൽ നിന്ന് താഴേക്ക് വീണാണ് മരിച്ചിരുന്നത്.
ഹിമാചൽ പ്രദേശിൽ ടാൻഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേർക്ക് അപകടം പറ്റുകയും മരിക്കുകയും ചെയ്യുന്നുണ്ട്. 12കാരനായ ബാംഗ്ലൂർ സ്വദേശി മരിച്ചതിനെ തുടർന്ന് ഹിമാചലിൽ പാരാഗ്ലൈഡിങ് ഉൾപ്പെടെ സാഹസിക വിനോദങ്ങൾക്കെല്ലാം ഹൈകോടതി ഈ ജനുവരി മുതൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക സമിതി രൂപീകരിച്ച് സാഹസിക വിനോദ കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം വിനോദങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സാങ്കേതിക സമിതി അംഗീകാരമില്ലാത്തതാണെന്നും പല സംഘാടകരും വ്യാജമായാണ് സാഹസിക വിനോദങ്ങൾ സംഘടിപ്പിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. എല്ലാ നിർദേശങ്ങളും പാലിക്കുന്ന സംഘാടകർക്ക് മാത്രമേ ഏപ്രിൽ മുതൽ സാഹസിക വിനോദങ്ങൾ നടത്താൻ അനുമതിയുണ്ടാവുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.