ജമ്മു: നാഷണൽ പാന്തേഴ്സ് പാർട്ടി സ്ഥാപകൻ പ്രൊഫ. ഭീം സിങ് (81) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കിടപ്പിലായിരുന്നു. സർക്കാർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മുൻ നിയമസഭാംഗവും അഭിഭാഷകനുമായിരുന്നു.
1988ൽ ഉധംപൂരിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ കള്ളം കാണിച്ചെന്നാരോപിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിരാഹാര സമരം നടത്തി. 2002ൽ അദ്ദേഹത്തിന്‍റെ പാർട്ടി നാല് സീറ്റുകളിൽ വിജയിച്ചു. മനുഷ്യാവകാശപ്രവർത്തകനായിരുന്ന ഇദ്ദേഹം സുപ്രീം കോടതി ബാർ അസോസിയേഷനിൽ സീനിയർ എക്സിക്യൂട്ടീവ് മെമ്പർ ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തം പാർട്ടി രൂപീകരിക്കുന്നതിന് മുന്നേ കോൺഗ്രസിന്‍റെ ജമ്മു കശ്മീർ യൂത്ത് യൂനിറ്റ് പ്രസിഡന്‍റ് മുതൽ ദേശീയ ജനറൽ സെക്രട്ടറി വരെ ആയിരുന്നു.
വിവിധ ജയിലുകളിൽ ദശാബ്ദങ്ങളായി കഴിയുന്ന പാകിസ്താൻ, അഫ്ഗാനിസ്താൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള 200 ഓളം തടവുകാർക്ക് സിങ് നിയമസഹായം നൽകിയിട്ടുണ്ട്. മോട്ടോർ സൈക്കിളിൽ 130ഓളം രാജ്യങ്ങളും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും മരണത്തിൽ അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.