ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായി നിലനിൽക്കെ പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കാൻ നീക്കമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
സി.ജെ.സി.എസ്.സി ജനറൽ ഷാഹിർ ഷംഷാദ് മിർസ പാക് ആർമിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യക്തിപരമായ നേട്ടത്തിനായി രാജ്യത്തെ സംഘർഷത്തിലേക്ക് തള്ളിയിട്ടുവെന്ന കുറ്റംചുമത്തി അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണം ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
ഇന്ത്യ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ഡ്രോണുകളെ സുരക്ഷാസേന പ്രതിരോധിച്ചത്. എൽ-70 തോക്കുകൾ, സു-23 എം.എം, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് നൂതന പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതിരോധം.
ജമ്മു കശ്മീരിലെ ഉറി, പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. ഷെല്ലാക്രമണത്തിൽ ഉറി സ്വദേശിയായ സ്ത്രീ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. റസർവാണി സ്വദേശി ബഷീർ ഖാന്‍റെ ഭാര്യ നർഗീസ് ബീഗമാണ് മരിച്ചത്. റസാഖ് അഹമ്മദിന്‍റെ ഭാര്യ ഹഫീസക്കാണ് പരിക്കേറ്റത്. ഹഫീസയെ ബാരാമുല്ലയിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. റസർവാണിയിൽ നിന്ന് ബാരാമുല്ലയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ മൊഹുറക്ക് സമീപത്തുവച്ച് ഷെൽ പതിച്ചതായാണ് റിപ്പോർട്ട്.
ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്താൻ ഇന്നലെ നടത്തിയ ഡ്രോൺ, മിസൈൽ ആക്രണങ്ങളെ ഇന്ത്യ തകർത്തിരുന്നു. പത്താൻകോട്ടിലും ഉധംപൂരിലും പാക് ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടു. ജമ്മു വിമാനത്താവളം, സാംബ, ആർ.എസ് പുര, അർനിയ തുടങ്ങി പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു മിസൈലുകൾ.
ജമ്മു വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേന സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. ജമ്മു നഗരത്തിൽ പലയിടത്തും സ്ഫോടന ശബ്ദം മുഴങ്ങി. സ്ഫോടനത്തിനു പിന്നാലെ ജമ്മുവിൽ വൈദ്യുതി വിച്ഛേദിച്ചു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ രാജസ്ഥാൻ ജില്ലകളിലും വൈദ്യുതി വിച്ഛേദിച്ചു. ജയ്സാൽമീറിൽ സ്ഫേടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.