പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു.

യഥാർഥ നിയന്ത്രണരേഖയിൽ നൗഷേരയിൽ പാകിസ്താൻ ആർമി പോസ്റ്റുകളിൽ നിന്ന് ഒരു പ്രകോപനവും ഉണ്ടാകാതെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നൗഷേരക്ക് പുറമേ സുന്ദർബാനി, അഖ്നൂർ സെക്ടറുകളിലും വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷസാധ്യത നിലനിൽക്കുകയാണ്. ഇതിനെ തുടർന്ന് നിരന്തരമായി പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.

അതേസമയം, 36 മണിക്കൂറിനുള്ളിൽ ഇന്ത്യ ആ​ക്രമിക്കുമെന്ന വിവരം ലഭിച്ചുവെന്ന് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്തൗള തരാർ. വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചുവെന്നാണ് മന്ത്രിയുടെ പ്രസ്താവന. അടുത്ത 36 മണിക്കൂറിനുള്ളിൽ ആക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകും. മേഖലയിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇന്ത്യയാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. അത് മൂലമുണ്ടാകുന്ന പ്രശ്നത്തിന്റെ വേദന ഞങ്ങൾക്ക് അറിയാം. അതിനെ നിരവധി തവണ ഞങ്ങൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. ലോകത്തെവിടെ ഭീകരവാദമുണ്ടായാലും അതിനെ തള്ളിപ്പറയുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പഹൽഗാം ഭീകരാക്രമണത്തിൽ നടത്താൻ തയാറാണ്. സാഹചര്യത്തിന്റെ ഗൗരവം അന്താരാഷ്ട്ര സമൂഹം മനസിലാക്കണമെന്നും ഇന്ത്യ ആ​ക്രമിച്ചതിനെ തുടർന്നുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക് അവർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Pakistan violates ceasefire again, Indian troops give 'swift, proportionate' response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.