പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും വിവിധ വ്യോമതാവളങ്ങൾ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ സൈനികമായും, നയതന്ത്രമാർഗത്തിലൂടെ സൈനികേതരമായും പാകിസ്താനെ ശിക്ഷിച്ചതിന്‍റെ വിശദാംശങ്ങൾ എണ്ണിപ്പറഞ്ഞ് ഇന്ത്യ. പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്താനെതിരെ സ്വീകരിച്ച നടപടികളാണ് കേന്ദ്ര സർക്കാർ വിശദമാക്കി കുറിപ്പ് ഇറക്കിയത്. തന്ത്രപരമായ സംയമനവും അന്താരാഷ്ട്ര പിന്തുണയും ഉറപ്പുവരുത്തിക്കൊണ്ടുള്ള ഈ ബഹുമുഖ നീക്കം തീവ്രവാദ ഭീഷണിയെ ഇല്ലായ്മ ചെയ്തെന്നും തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്ന ഇന്ത്യയുടെ നയത്തെ ശക്തിപ്പെടുത്തിയെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
തീരുമാനിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഇന്ത്യ കൃത്യവും ആസൂത്രിതവുമായ നിരവധി സൈനിക നടപടികൾ ഉപയോഗിച്ചു. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യതയോടെ മിസൈൽ ആക്രമണം നടത്തി. ഇതിൽ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ജയ്ശെ മുഹമ്മദിന്‍റെയും ലശ്കറെ ത്വയ്യിബയുടെയും കമാൻഡിങ് സെന്‍ററുകളായി പ്രവർത്തിച്ച കേന്ദ്രങ്ങളാണിവ.
മേയ് ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ പാകിസ്താൻ നടത്തിയ പ്രകോപനപരമായ ഡ്രോൺ, മിസൈൽ ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ കാമികോസ് ഡ്രോണുകൾ പാകിസ്താനിലുടനീളം ആക്രമണം നടത്തി. ലഹോറിലെ വ്യോമപ്രതിരോധ സംവിധാനത്തെ തന്നെ നിർവീര്യമാക്കി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്താനിൽ നിന്നുള്ള എല്ലാ ഭീഷണികളെയും നിർവീര്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഏറ്റവും താഴ്ന്ന നിലയിൽ പൂജ്യത്തിനടുത്താണ് പരിക്കുകളും മറ്റ് നാശനഷ്ടങ്ങളും. അതേസമയം, പാകിസ്താന്‍റെ എച്ച്.ക്യു-9 മിസൈലുകളുടെ പോരായ്മയും ഇന്ത്യൻ പ്രതിരോധം വെളിപ്പെടുത്തി.
ഒമ്പതിനും പത്തിനും ഇന്ത്യ പാകിസ്താനിൽ നടത്തിയ ആക്രമണം ഒരു ആണവരാജ്യത്തിന്‍റെ എയർ ഫോഴ്സ് ക്യാമ്പുകൾക്ക് നേരെയുണ്ടാകുന്ന ആദ്യ ആക്രമണമാണ്. മൂന്ന് മണിക്കൂറിനിടെ 11 ബേസ് ക്യാമ്പുകളാണ് തകർത്തത്. നൂർ ഖാൻ, റഫീഖി, മുരീദ്, സുക്കുർ, സിയാൽകോട്ട്, ചുനിയൻ, സർഗോധ, പസ്രൂർ, സ്കാരു, ഭൊലാരി, ജേകബാബാദ് എന്നിവയാണിത്. ഇവ ആക്രമിക്കുന്ന ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു.
ജേകബാബാദിലെ ഷഹബാസ് വ്യോമതാവളത്തിന്‍റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രം ഇന്ത്യ പുറത്തുവിട്ടു. പാക് വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യവും നശിപ്പിച്ചു. സർഗോധ ഉൾപ്പെടെയുള്ള വെടിമരുന്ന് ഡിപ്പോകളും എഫ്-16, ജെ.എഫ്-17 യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്ന ഭൊലാരി വ്യോമതാവളവും ആക്രമിച്ചതോടെയാണിത്. ഭൊലാരി വ്യോമകേന്ദ്രത്തിലെ ബോംബിങ്ങിൽ 50 പേർ കൊല്ലപ്പെട്ടു. പാക് സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, നാല് എയർമാൻമാർ എന്നിവർ കൊല്ലപ്പെടുകയും പാക് യുദ്ധവിമാനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
നിയന്ത്രണരേഖയിൽ പൂഞ്ച്-രജൗരി സെക്ടറിൽ പാക് സൈന്യം സിവിലിയൻ മേഖലകൾക്ക് നേരെ നടത്തിയ വെടിവെപ്പിനും ഷെല്ലിങ്ങിനും ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകി. സിവിലിയൻമാരെ ആക്രമിക്കാനുദ്ദേശിച്ചുള്ള ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തു. റഹിമ്യാർ വ്യോമകേന്ദ്രത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച പാക് പ്രസിഡന്‍റ് ആസിഫലി സർദാരിയുടെ പാതി കത്തിയ ചിത്രം പാകിസ്താനേറ്റ നാശനഷ്ടത്തിന്‍റെ പ്രതീകമാണ് -ഇന്ത്യ വ്യക്തമാക്കി.
സൈനിക നടപടികൾക്കൊപ്പം പൊതുജന പിന്തുണയും അന്താരാഷ്ട്ര പിന്തുണയും നേടാൻ ഇന്ത്യക്കായി. സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു നിർണായക നീക്കമായിരുന്നു. 16 ദശലക്ഷം സ്ഥലത്തെ കൃഷിക്ക് പാകിസ്താൻ 80 ശതമാനവും ആശ്രയിക്കുന്നത് സിന്ധുവിലെ വെള്ളത്തെയാണ്. വെള്ളമില്ലായ്മ കൃഷി നഷ്ടം, ഭക്ഷ്യക്ഷാമം, നഗരങ്ങളിലെ കുടിവെള്ളം നിലയ്ക്കുന്ന അവസ്ഥ എന്നിവയിലേക്ക് നയിക്കും. വൈദ്യുതിയില്ലായ്മ വ്യവസായങ്ങളെ ബാധിക്കും. ഇപ്പോഴേ തന്നെ ദുർബലമായ പാകിസ്താന്‍റെ സമ്പദ് വ്യവസ്ഥയെ ഇവയെല്ലാം സാരമായി ബാധിക്കും. ഇതിനൊപ്പം, ഇന്ത്യ അട്ടാരി-വാഗ അതിർത്തി അടക്കുകയും എല്ലാ ഉഭയകക്ഷി വ്യാപാരവും നിർത്തുകയും ചെയ്തു. ഇന്ത്യയിലുള്ള പാക് പൗരന്മാരുടെ വിസ ഉടനടി റദ്ദാക്കി അവരെ തിരിച്ചയച്ചു. പാക് കലാകരരേയും സംഗീതം, സിനിമ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കെല്ലാം വിലക്കേർപ്പെടുത്തി. പാകിസ്താനെ അന്താരാഷ്ട്രതലത്തിൽ നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ ഇന്ത്യക്കായി -കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.