ന്യൂഡൽഹി: 2019ൽ ഇന്ത്യയുടെ വ്യോമസേന ഉദ്യോഗസ്ഥനായ അഭിനന്ദൻ വർധമാനെ പിടികൂടിയ പാകിസ്താൻ സൈനിക മേജർ മൂയിസ് അബ്ബാസ് ഷാ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 11 ഭീകരരെ വധിച്ചെന്നും രണ്ട് സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്താൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു.
2019ലെ ബാലാക്കോട്ട് ആക്രമണത്തിനു ശേഷമാണ് വിങ് കമാന്ററായിരുന്ന അഭിനന്ദൻ വർധമാൻ പാകിസ്താന്റെ പിടിയിലായത്. എഫ് -16 യുദ്ധവിമാനം തകർത്ത സമയത്ത് സോർഡ് ആംസിൽ അംഗമായിരുന്നു അഭിനന്ദൻ. മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു വർധമാന്റെ ആക്രമണം. നിലവിൽ അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനാണ്. പുൽവാമ ഭീകരാക്രമണത്തിന് രണ്ടാഴ്ചക്ക് ശേഷം 2019 ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജയ്‌ശെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പിൽ വ്യോമസേന യുദ്ധവിമാനങ്ങൾ മിന്നലാക്രമണം നടത്തി.
ഫെബ്രുവരി 27ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ തിരിച്ചടിച്ചു. സോർഡ് ആംസ് വിങ് കമാന്ററായിരുന്ന അഭിനന്ദൻ വർധമാൻ മിഗ്-21 ബൈസൺ വിമാനം ഉപയോഗിച്ച് പാക് യുദ്ധവിമാനം എഫ്-16 നെ തകർക്കുകയും ചെയ്തു. തുടർന്ന് പാക് ഭൂപ്രദേശത്ത് പാരച്യൂട്ട് വഴി ഇറങ്ങിയ അദ്ദേഹത്തെ അവിടുത്തെ സൈന്യം പിടികൂടുകയും പിന്നീട് നയതന്ത്ര ഇടപെടൽ വഴി ഇന്ത്യക്ക് കൈമാറുകയും ചെയ്തു. 2022ൽ വീരചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.