ആണവ പദ്ധതിക്ക് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളുമായി പാകിസ്താനിലേക്ക് പോയ ചൈനീസ് കപ്പൽ പിടികൂടി

മുംബൈ: ചൈനയിൽനിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പൽ മുംബൈയിലെ നവശേവ തുറമുഖത്ത് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. ആണവായുധ, മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കാവുന്ന ഇറ്റാലിയൻ നിർമിത കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ കപ്പലിൽ കണ്ടെത്തിയതിനെ തുടർന്നാണിത്.

കപ്പലിൽ പരിശോധന നടത്തിയ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അയൽ രാജ്യം അവരുടെ ആണവായുധ പദ്ധതിക്ക് ഇവ ഉപയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പു നൽകി. ആണവായുധ നിർമാണ പദ്ധതിക്കുവേണ്ടി പാകിസ്താൻ ഇവ രഹസ്യമായി കടത്തുകയാണെന്നാണ് സംശയം. സി.എൻ.സി ഉപയോഗിച്ച് കമ്പ്യൂട്ടർ വഴി ആണവായുധങ്ങളും മിസൈലുകളും പാളിച്ചകളില്ലാതെ നിയന്ത്രിക്കാനാകും.


പരമ്പരാഗത ആയുധങ്ങളുടെയും ഇരട്ട ഉപയോഗമുള്ള വസ്തുക്കളുടെയും സാങ്കേതിക വിദ്യയുടെയും കയറ്റുമതി വിവരങ്ങൾ പരസ്പരം പങ്കുവെക്കുന്ന, ഇന്ത്യയടക്കം 42 രാജ്യങ്ങൾ പങ്കാളികളായ വസനാർ കരാറിൽ 1996 മുതൽ സി.എൻ.സിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ജനുവരി 23നാണ് സുരക്ഷ ഉദ്യോഗസ്ഥർ കപ്പലിൽ പരിശോധന നടത്തിയത്. എന്നാൽ, വിവരം പുറത്തുവിട്ടിരുന്നില്ല. മാൾട്ട രജിസ്ട്രേഷനുള്ള സി.എം.എ സി.ജി.എം അറ്റില കപ്പലിലാണ് ചരക്ക്.

‘ഷാങ്ഹായ് ഗ്ലോബൽ ലോജിസ്റ്റിക്സ് കമ്പനി സിയാൽകോട്ടിലുള്ള ‘പാകിസ്താൻ വിങ്സി’ന് ചരക്ക് അയച്ചതായാണ് രേഖകളിലുള്ളത്. എന്നാൽ, യഥാർഥത്തിൽ ടൈയുവാൻ മൈനിങ് ഇംപോർട്ട് ആൻഡ് എക്പോർട്ട് കമ്പനി പാകിസ്താനിലെ പ്രതിരോധ സാമഗ്രികളുടെ വിതരണക്കാരായ കോസ്മോസ് എൻജിനീയറിങ്ങിനാണ് ചരക്ക് അയച്ചതെന്ന് കണ്ടെത്തി.

സിവിലിയൻ, സൈനിക ഉപയോഗങ്ങൾക്കുള്ള വസ്തുക്കളുടെ വ്യാപനം രാജ്യാന്തരമായി നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ. വടക്കൻ കൊറിയയുടെ ആണവ പദ്ധതികളിൽ സി.എൻ.സി മെഷീൻ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ അടക്കം 42 രാജ്യങ്ങൾ 1996ലെ വസനാർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.

Tags:    
News Summary - Pak-bound ship from China stopped at Mumbai port over suspected nuclear cargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.