ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഭോപ്പാൽ സെൻട്രൽ എം.എൽ.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നത്. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്ഗെയാണ് ഭീഷണിയുമായി രംഗത്തുള്ളത്.
ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാർ ഇവിടെ തന്നെയുണ്ട്. അവർ ഭോപ്പാലിൽ പ്രശ്നമുണ്ടാക്കുകയാണെങ്കിൽ അരിഫ് മസൂദിനും അയാളുടെ അനുയായികൾക്കും കനത്ത തിരിച്ചടി തന്നെ നൽകുമെന്ന് ഗാഡ്ഗെ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രവർത്തകസമിതി അംഗമാണ് ഗാഡ്ഗെ.
അതേസമയം, ഗാഡ്ഗെക്കെതിരെ മസൂദിന്റെ അനുയായികൾ പരാതി നൽകി. ഇതിന് പിന്നാലെ പാകിസ്താനെതിരെയാണ് തങ്ങൾ റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താൻ ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങൾ തനിക്കെതിരെ പരാതി നൽകിയതോടെ ഇത് ഇപ്പോൾ കൂടുതൽ ചർച്ചയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സചിൻ രഘുവൻഷി എന്നയാളും മസൂദിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തന്റെ കരുത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആക്രമണം ശക്തമാക്കുന്നതെന്ന് മസൂദ് പറഞ്ഞു. താൻ പ്രതിപക്ഷത്തെ ശക്തനായ അംഗമാണ്. പോരാളികളെ അവർ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.