രാ​ഹു​ലി​ന്‍റെ നി​ല​പാ​ട്​ മാ​റ്റ​ത്തി​ന്‍റെ ആ​ദ്യ​സൂ​ച​ന​ക​ൾ ത​നി​ക്ക്​ ല​ഭി​ച്ചെ​ന്ന്​ പ​റ​ഞ്ഞ്​ മു​ൻ ഇ​സ്രാ​യേ​ൽ സ്ഥാ​ന​പ​തി ഡാ​നി​​യ​ൽ കാ​ർ​​മോ​ൺ പു​റ​ത്തു​വി​ട്ട ചി​ത്രം

‘ഇസ്രായേൽ നിലപാട്: രാഹുലിൽ മാറ്റത്തിന്‍റെ ആദ്യസൂചന ഞാൻ കണ്ടു’ ന്യൂഡൽഹിയിലെ മുൻ ഇസ്രായേൽ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇസ്രായേൽ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ മുൻ ഇസ്രായേൽ സ്ഥാനപതി ഡാനിയൽ കാർമോൺ. ഇതൊരു സുപ്രധാന രാഷ്ട്രീയ സംഭവ വികാസമാണെന്നും രാഹുലിന്‍റെ നിലപാട് മാറ്റത്തിന്‍റെ ആദ്യ സൂചനകൾ താൻ നേരിൽ കണ്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇസ്രായേലിന്‍റെ നയം വിശദീകരിക്കാൻ രാഹുൽ ഗാന്ധിയുമായി നടത്തിയ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്ന് കൂടി വെളിപ്പെടുത്തിയ ഡാനിയൽ കാർമോൺ അത്തരമൊരു കൂടിക്കാഴ്ചയുടെ ഫോട്ടോയും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു.

അമേരിക്കയിലെ ഷികാഗോ സർവകലാശാലയിൽ നടന്ന സംവാദത്തിലും തുടർന്നുള്ള എക്സ് പോസ്റ്റിലും ഇസ്രായേലുമായി ശക്തമായ ബന്ധം തുടരുന്നതിനെ താൻ പിന്തുണക്കുന്നുവെന്നും ഇന്ത്യൻ സൈന്യത്തിന് മികച്ച ആയുധങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ തന്ത്രപരമായ താൽപര്യങ്ങൾ ഇന്ത്യക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞതിനെ സ്വാഗതം ചെയ്താണ് ന്യൂഡൽഹിയിലെ മുൻ ഇസ്രായേൽ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ.

വർഷങ്ങളായി എല്ലാവർക്കും വ്യക്തമായി കാണാനായതും പൊതുവേദികളിൽ പ്രകടമായിരുന്നതുമായ ഒരു കാര്യത്തിന് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പിന്തുണ ലഭിച്ചിരിക്കുകയാണെന്നും ഇത് സുപ്രധാന രാഷ്ട്രീയ വികാസമാണെന്നും ഇസ്രായേലിനെ പിന്തുണക്കുന്ന രാഹുൽഗാന്ധിയുടെ ‘എക്സ്’ പോസ്റ്റ് പങ്കുവെച്ച് ഡാനിയൽ കുറിച്ചു. ഒന്നും മുൻകൂട്ടി നിശ്ചയിക്കാതെതന്നെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം അംഗീകരിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പൊതുവേദിയിൽ അക്കാര്യം തുറന്നുപറഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം തുടർന്നു.

സോണിയ ഗാന്ധിയും ഷിമോൺ പെരസും തമ്മിലുള്ള തണുപ്പൻ കൂടിക്കാഴ്ചകളിൽനിന്ന് വ്യത്യസ്തമായിരുന്നു രാഹുൽ ഗാന്ധിയുടെ വസതിയിൽ അദ്ദേഹവുമായി മണിക്കൂറുകളോളം താൻ നടത്തിയ ആത്മാർഥവും വിശദവുമായ ചർച്ചകളെന്നും ഡാനിയൽ കാർമോൺ ഇതേ പോസ്റ്റിന് താഴെ പ്രതികരണമായി കുറിച്ചു. താനുമായി ഓരോ കൂടിക്കാഴ്ച നടക്കുമ്പോഴും ഇസ്രായേലിന്‍റെ നിലപാടിനെയും ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യത്തെയും കുറിച്ചുള്ള രാഹുലിന്‍റെ ധാരണ കൂടുതൽ ‘വ്യക്തവും പക്വവും’ ആയി കാണാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചക്ക് ദൃശ്യത നൽകുന്ന കാര്യത്തിലും രാഹുലിൽ ശ്രദ്ധേയമായ മാറ്റമുണ്ടായെന്നും മുൻസ്ഥാനപതി തുടർന്നു. ഇസ്രായേൽ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ച നടന്നതേയില്ലെന്ന് നിഷേധിച്ചിരുന്ന അവസ്ഥയിൽനിന്ന് പിന്നീട് ഒരുമിച്ച് ഫോട്ടോ എടുക്കാനും അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യാനും തയാറാകുന്നിടത്തേക്ക് രാഹുൽ എത്തിയെന്ന് പറഞ്ഞാണ് ഡാനിയൽ കാർമോൺ രാഹുലുമൊത്തുള്ള തന്‍റെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. 

Tags:    
News Summary - Daniel Carmon releases photo on Rahul’s stance shift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.