അഭിജീത് ദീപ്കെ
മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നു; സർക്കാറിനെതിരെ അഭിജീത് ദിപ്കെ
പനാജി: ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജീത് ദിപ്കെ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾക്കപ്പുറം ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പനാജിയിൽ ഞായറാഴ്ച നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും പങ്കെടുത്തു. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും ആശയങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയുടെ സാമൂഹിക ഐക്യം വീണ്ടെടുക്കുകയാണ് സിജെപിയുടെ ലക്ഷ്യമെന്നും ദീപ്കെ പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലല്ല, പൗരന്മാർ എന്ന നിലയിലാണ് ജനങ്ങൾ ചിന്തിക്കേണ്ടത്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുമ്പോൾ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകും. സർക്കാറിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഇതിലൂടെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധികാരം നേടുകയല്ല മറിച്ച് മതവിവേചനമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ജീവിക്കാനും സ്വന്തം വിശ്വാസം പിന്തുടരാനും കഴിയുന്ന ഇന്ത്യയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്ന സംഭവവും ദീപ്കെ പരാമർശിച്ചു. ഗോവയിൽ ജനപ്രതിനിധികളെ കൂറുമാറ്റിയതാണ് വോട്ടുകൊള്ളയിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങിയതെന്ന് ആരോപിച്ച അദ്ദേഹം സി.ജെ.പിയെ ഭരണഘടനാവിരുദ്ധമെന്ന് വിമർശിക്കുന്നവർ ഇത്തരം കൂറുമാറ്റങ്ങളെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു.
പ്രാദേശിക ജനങ്ങളുടെ ഭൂമി രാഷ്ട്രീയക്കാരും നിർമാണമേഖലയിലുള്ളവരും ചേർന്ന് കൈവശപ്പെടുത്തുകയാണെന്നും ആരോപിച്ചു. കരാപൂരിൽ നിർദേശിച്ച 130 ഏക്കർ ടൗൺഷിപ്പ് പദ്ധതിയെ ചോദ്യം ചെയ്ത ദീപ്കെ സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും പദ്ധതി ഭൂഗർഭജല സ്രോതസ്സുകൾക്ക് അധിക സമ്മർദമുണ്ടാക്കാമെന്നും ചൂണ്ടിക്കാട്ടി.
ഭൂവിനിയോഗ മേഖലയിൽ മാറ്റം വരുത്താൻ ചീഫ് ടൗൺ പ്ലാനർക്ക് അധികാരം നൽകുന്ന ഗോവ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നിയമത്തിലെ 39എ വകുപ്പ് റദ്ദാക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയിലെ തൊഴിലുകളിലും സംരംഭങ്ങളിലും പ്രാദേശിക യുവാക്കൾക്ക് മുൻഗണന നൽകണമെന്നും പറഞ്ഞു. ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഗോവയിൽനിന്ന് ലഭിച്ച പിന്തുണയെ അനുസ്മരിച്ച അദ്ദേഹം, അനീതിക്കിരയാകുന്നവർ അപരിചിതരാണെങ്കിലും അതിനെതിരെ ജനങ്ങൾ ശബ്ദമുയർത്തണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.