മലയാളി മാധ്യമപ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം ലംഘിച്ചെന്ന് കോടതി

മുംബൈ: മലയാളി മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് സിദ്ദീഖിക്കെതിരെ സി.പി.ഐ (മാവോവാദി) ബന്ധം ആരോപിച്ച് മഹാരാഷ്ട്ര എ.ടി.എസ് യു.എ.പി.എ ചുമത്തിയത് ചട്ടപ്രകാരമുള്ള നിർബന്ധിത സമയക്രമം പാലിക്കാതെയെന്ന് നാഗ്പുരിലെ പ്രത്യേക കോടതി. നിരോധിത ഭീകര സംഘടനയെ പിന്തുണക്കൽ, അംഗത്വം എന്നീ കുറ്റങ്ങൾ ആരോപിച്ച് എ.ടി.എസ് ചുമത്തിയ യു.എ.പി.എയിലെ 38, 39 വകുപ്പുകളാണ് വെള്ളിയാഴ്ച പ്രത്യേക കോടതി ജഡ്ജി എസ്.പി ഗോന്ധലേക്കർ റദ്ദാക്കിയത്. തെളിവുകൾ പരിശോധിച്ച് പ്രോസിക്യൂഷൻ അധികൃതർ ഏഴ് പ്രവൃത്തി ദിവസത്തിനകം സർക്കാറിന് ശിപാർശ നൽകുകയും ശിപാർശ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കുകയും വേണമെന്നാണ് ചട്ടം. 2025 ഒക്ടോബർ ഒമ്പതിന് അന്വേഷണ രേഖകൾ ലഭിച്ച പ്രോസിക്യൂഷൻ അധികൃതർ 18 ദിവസങ്ങൾക്കു ശേഷം നവംബർ 11നാണ് സർക്കാറിന് ശിപാർശ നൽകിയത്. സർക്കാറും സമയ പരിധി ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. മറ്റു പ്രധാന കേസുകളിലെ യു.എ.പി.എ ശിപാർശകൾ പരിശോധിക്കുന്നതിനിടയിലാണ് റിജാസിന്റെ കേസിൽ ശിപാർശ ലഭിച്ചതെന്നും സ്വാഭാവിക കാലതാമസമാണെന്നുമാണ് പ്രോസിക്യൂഷൻ വാദം. നിശ്ചിത സമയ പരിധിക്കുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വിചാരണ സമയത്ത് യു.എ.പി.എയുടെ യോഗ്യത പരിശോധിക്കാമെന്നും പറഞ്ഞു. എന്നാൽ, കോടതി അതു തള്ളുകയായിരുന്നു.

അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തെ അപകടപ്പെടുത്തൽ, പൊതുജനങ്ങളിൽ ഭീതിയോ കലാപമോ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തൽ എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായസംഹിതയിലെ 152, 353(1) വകുപ്പുകൾ പ്രകാരം കുറ്റംചുമത്താൻ കോടതി അനുമതി നൽകി. ഡിസംബർ നാലിന് കുറ്റം ചുമത്തും. ഒന്നരവർഷത്തിലേറെയായി നാഗ്പുർ ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന റിജാസിന്റെ ജാമ്യാപേക്ഷ കോടതി അന്ന് പരിഗണിക്കും.

Tags:    
News Summary - Nagpur Court Quashes UAPA Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.