വോട്ടവകാശം തട്ടിയെടുക്കുന്ന ‘വോട്ടുബന്ദി’ക്കെതിരെ പട്നയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് ഇൻഡ്യ സഖ്യം നടത്തിയ മാർച്ചിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവർ

രാഹുൽ ഗാന്ധിക്കൊപ്പം സമരമുഖത്ത് എം.എ. ബേബിയും; ജർമനിയിൽ ഹിറ്റ്ലർ ചെയ്തത് പോലെയാണ് മോദിയും അമിത്ഷായും ചെയ്യുന്നതെന്ന് ബേബി

ന്യൂഡൽഹി: വോട്ടവകാശം തട്ടിയെടുക്കുന്ന ‘വോട്ടുബന്ദി’ക്കെതിരെ ഇൻഡ്യ സഖ്യം ആഹ്വാനംചെയ്ത ബന്ദ് ബിഹാറിനെ സ്തംഭിപ്പിച്ചു. പട്നയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് ഇൻഡ്യ സഖ്യം നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും അണിനിരന്നു. ബിഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും മാർച്ചിനെ അഭിസംബോധന ചെയ്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് എം.എ. ബേബി പറഞ്ഞു. ജർമനിയിൽ ഹിറ്റ്ലർ ചെയ്തത് പോലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നരേന്ദ്രമോദിയും അമിത്ഷായും നിതീഷ് കുമാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പലയിടങ്ങളിലും പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു. റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. വോട്ടുബന്ദിക്കെതിരായ ബിഹാർ ബന്ദ്, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനം കൂടിയായി. ബന്ദ് വിജയിപ്പിക്കാൻ ബുധനാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽനിന്ന് പട്നയിലെത്തിയത്. വോട്ടവകാശം തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നാണ് അത്യുച്ചത്തിലും ശക്തിയോടും ബിഹാർ പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായി അട്ടിമറിച്ചതുപോലെ ബിഹാറിലും ഇതാവർത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ അത് അനുവദിക്കില്ല. ഭരണഘടന സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യേണ്ടത്. എന്നാൽ ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് കമീഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ബി.ജെ.പി നാമനിർദേശംചെയ്ത തെരഞ്ഞെടുപ്പ് കമീഷണർമാരാണിത്. ബിഹാർ തെരഞ്ഞെടുപ്പ് കവർന്നെടുക്കാനുള്ള ശ്രമമാണ് വോട്ടർപട്ടിക തീവ്രപരിശോധന. ബിഹാറിലെ ജനങ്ങളുടെ, വിശേഷിച്ചും ചെറുപ്പക്കാരുടെ വോട്ടവകാശം ഈവിധത്തിൽ കവരാൻ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു.


അതേസമയം, ജനങ്ങൾ ബന്ദിനെ പിന്തുണച്ചിട്ടില്ലെന്നും ആർ.ജെ.ഡി- കോൺഗ്രസ് പ്രവർത്തകരും പപ്പുയാദവിന്റെ അനുയായികളുമാണ് ബിഹാർ സ്തംഭിപ്പിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. സ്കൂൾ ബസുകൾ മുതൽ ട്രെയിനുകൾപോലും തടഞ്ഞാണ് അവർ ബിഹാറിനെ സ്തംഭിപ്പിച്ചതെന്നും അതോടെ അവർ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു. ബിഹാറിലെ എൻ.ഡി.എ ഭരണത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഭരണഘടന സ്ഥാപനമായ കമീഷനെതിരെ ബന്ദ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 


Full View

Tags:    
News Summary - Opposition, rahul gandhi ma baby and india leaders stages protest in Patna against electoral roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.