File Photo

'ഇപ്പോൾ നീ ഞങ്ങളെപ്പോലെ', അവർ വിദ്യാർത്ഥികളല്ല, തീവ്രവാദികൾ; ഹിജാബ് വിധിക്കുശേഷമുള്ള ആദ്യദിനം

ഉഡുപ്പി: ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കാൻ തുടങ്ങിയതോടെ മുസ്‌ലിം വിദ്യാർത്ഥിനികൾ പ്രതിസന്ധിയിലാണ്. കോടതി വിധി വന്നതിന് പിന്നാലെ കർശന നടപടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കൊണ്ടത്. ചില വിദ്യാർത്ഥികൾ ശിരോവസ്ത്രം തൽകാലത്തേക്ക് അഴിച്ചുവെച്ച് ക്ലാസുകളിൽ കയറാൻ സന്നദ്ധരായി. ഉഡുപ്പിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള എം.ജി.എം കോളജിലെ ഒരു വിദ്യാർത്ഥിനി ശിരോവസ്ത്രം അഴിക്കാൻ തീരുമാനിച്ചപ്പോൾ ക്ലാസ്മുറിയിൽ ഉണ്ടായ അനുഭവം എൻ.ഡി ടി.വിയോട് തുറന്നുപറഞ്ഞു.

'എനിക്ക് മറ്റ് വഴികളില്ല, എനിക്ക് എന്റെ വിദ്യാഭ്യാസം വേണം. ഞാൻ ഹിജാബ് ധരിക്കാതെ എന്റെ സഹപാഠികളുടെ അരികിൽ ഇരുന്നപ്പോൾ, ഒരു ഹിന്ദു വിദ്യാർത്ഥി എന്റെ അടുത്തേക്ക് നടന്നുവന്നിട്ട് പറഞ്ഞു, നീ ഇപ്പോൾ ഞങ്ങളിലൊരാളാണ്' -കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥി സന കൗസർ പറഞ്ഞു. മൂന്ന് വർഷമായി ശിരോവസ്ത്രം ധരിച്ചായിരുന്നു ക്ലാസിൽ പ​ങ്കെടുത്തിരുന്നതെന്നും സന പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരുന്നു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് അവർ ഹിജാബ് അഴിക്കണം എന്നാണ് ഇപ്പോൾ അധ്യാപകർ ആവശ്യപ്പെടുന്നത്.

പല വിദ്യാർത്ഥികളും പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സന പറഞ്ഞു. 'അഞ്ചോ ആറോ അവസാന വർഷ വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എടുത്തതായി ഞാൻ കേട്ടു. നിരവധി വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു' -സന പറഞ്ഞു.

അതേസമയം, ഹിജാബ് ഉപേക്ഷിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥികൾക്കെതിരെ ബി.ജെ.പി നേതാവ് കൂടിയായ ഉഡുപ്പി ഗേൾസ് ഗവൺമെന്റ് കോളജ് വൈസ് പ്രസിഡൻറ് യശ്പാൽ സുവർണ നടത്തിയ പ്രസ്താവന ഞെട്ടിച്ചുകളഞ്ഞതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു.

"അവർ വിദ്യാർത്ഥികളല്ല, അവർ തീവ്രവാദ സംഘടനയുടെ ഏജന്റുമാരാണ്. ഇന്ത്യൻ ജുഡീഷ്യറിയെ അവർ മാനിക്കുന്നില്ലെങ്കിൽ, അവർക്ക് ഇന്ത്യയിൽ നിന്ന് പുറത്തുപോകാം. ഹിജാബ് ധരിക്കാൻ അനുവദിക്കുന്നിടത്ത് അവർക്ക് താമസിക്കാം" -യശ്പാൽ സുവർണ പറഞ്ഞു.

Tags:    
News Summary - "One of Us Now": Karnataka Student Told In Class After She Removes Hijab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.