ഹരിയാന വോട്ടുകൊള്ള വിശദീകരിക്കാൻ രാഹുൽ ഗാന്ധി വിളിച്ച വാർത്തസമ്മേളനത്തിൽ, ബിഹാറിൽ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തവരെ ഹാജരാക്കിയപ്പോൾ. ഒരു ഗ്രാമത്തിലെ മാത്രം 187 യഥാർഥ വോട്ടുകൾ ഒഴിവാക്കിയെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു
ഹരിയാനയിൽ വോട്ടുചോരിയിലൂടെ ബി.ജെ.പി ഭരണം പിടിച്ചതെങ്ങനെയെന്നാണ് വാർത്താസമ്മേളനത്തിലൂടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സമർഥിച്ചത്. ഹരിയാനയിൽ എട്ടിലൊന്ന് വോട്ടർമാരും വോട്ടു ചോരിയുടെ ഭാഗമായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ആകെ വോട്ടർമാർ രണ്ടു കോടിയോളമാണ്. ഇതിൽ കൃത്രിമത്വം നടന്നത് 25 ലക്ഷം വോട്ടുകളിലാണ്. ഈ വൻചോരിക്കിടയിലും കോൺഗ്രസിന് ബി.ജെ.പിയെക്കാൾ കുറവ് വന്നത് 22,779 വോട്ടുകൾ മാത്രം.
ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങൾ ശരിവെക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. കർണാടകയിലെ മഹാദേവപുര, ആലന്ദ് എന്നീ മണ്ഡലങ്ങളിൽ ഡേറ്റ സഹിതം പുറത്തുവിട്ട ‘വോട്ടുകൊള്ള’ ഹരിയാനയിലെത്തിയപ്പോൾ ആരോപണത്തിന്റെ വ്യാപ്തിയും വർധിച്ചു. ഏതാനും മണ്ഡലങ്ങളിൽ ഒതുങ്ങി നിൽക്കുന്ന വോട്ടുകൊള്ളയല്ല, മറിച്ച് ‘സർക്കാർ കൊള്ള’ തന്നെയാണ് നടന്നതെന്ന് തെളിവുകൾ സഹിതം സമർഥിക്കാൻ ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് നടത്തിയ ഒന്നര മണിക്കൂറിലധികം നീണ്ട വാർത്താസമ്മേളനത്തിൽ രാഹുലിന് സാധിച്ചു.
തെരഞ്ഞെടുപ്പ് പ്രകിയക്ക് പുറമെ രാജ്യത്തിന്റെ മൊത്തം സംവിധാനങ്ങളെയും വ്യവസ്ഥകളെയും തകർക്കുന്ന ഗുരുതര അട്ടിമറിയുടെ പിന്നാമ്പുറ നീക്കങ്ങളാണ് രാഹുൽ ഉയർത്തിയത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ ഭരണത്തിലെത്തിയെങ്കിലും തൊട്ടുപിന്നാലെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. ഇതോടെ, ചില മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് കോൺഗ്രസ് രഹസ്യമായും വ്യവസ്ഥാപിതമായും ഡേറ്റ ശേഖരിച്ച് പഠിച്ചതോടെയാണ് മഹാദേവപുരയിലേയും ആലന്ദിലെയും വോട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ്, സർക്കാറിനെ തന്നെ അട്ടിമറിക്കാൻ വ്യാപ്തിയുള്ള കേന്ദ്രീകൃത വോട്ടുകൊള്ള രാഹുൽ പൊതുജനത്തിന് മുമ്പാകെ ഡേറ്റ സഹിതം അവതരിപ്പിച്ചത്.
ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങൾ കണ്ടെത്തിയപ്പോൾ ഞെട്ടിപ്പോയെന്നും ഒന്നിലധികം തവണ വിശദ പരിശോധന നടത്താൻ നിർദേശം നൽകിയ താൻ പൂർണമായും ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ് പുറത്തുവിടുന്നതെന്നും രാഹുൽ പറഞ്ഞു. മഹാദേവ്പുരയിലെയും ആലന്ദിലെയും വോട്ടുകൊള്ള പുറത്തുവിട്ട ശേഷം ഫോം 6,7 (പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും) എന്നിവ ലഭ്യമാക്കുന്നത് കമീഷൻ നിർത്തിവെച്ചു. ആ വിവരങ്ങൾ കൂടി ലഭിച്ചാൽ വ്യാജ വോട്ടുകളുടെ എണ്ണം 35 ലക്ഷം വരെ ഉയരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാ പ്രമുഖ എക്സിറ്റ്പോളുകളും കോൺഗ്രസിന്റെ സുനിശ്ചിത വിജയം പ്രവചിച്ചപ്പോൾ, ബി.ജെ.പി വിജയിക്കുമെന്നും ‘ഞങ്ങൾക്ക് ഒരു സംവിധാനമുണ്ട്’ എന്നും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്നി പറയുന്ന വിഡിയോ ഒന്നിലധികം തവണ രാഹുൽ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വോട്ടർ പട്ടികയിൽ കളവുണ്ടെങ്കിൽ ജനാധിപത്യമില്ല. വോട്ടർ പട്ടികയുടെ സമഗ്രത നിലനിർത്തേണ്ടത് കമീഷന്റെ ഉത്തരവാദിത്വമാണ്. വ്യാജവും മങ്ങിയതുമായ ഫോട്ടോകൾ ഉപയോഗിച്ചുള്ള കള്ളവോട്ടുകൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് നീക്കാൻ കമീഷന് രണ്ട് മിനിട്ട് മതി. പക്ഷേ, ബി.ജെ.പിയെ സഹായിക്കാൻ കമീഷൻ അത് ചെയ്യുന്നില്ല. ഇതാണ് വോട്ടെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകാതിരിക്കുന്നതിലുടെ കമീഷൻ ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ന്യൂഡൽഹി: രാജ്യത്തിന്റെ വ്യവസ്ഥിതിയെ നശിപ്പിക്കുന്ന വ്യാപക വോട്ടുകൊള്ളക്കെതിരെ യുവാക്കളും ജെൻ സിയും രംഗത്തുവരണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ‘നിങ്ങളുടെ ഭാവിയാണ് ഇവർ കട്ടെടുക്കുന്നത്,അതിനാൽ രാജ്യത്തിന് വേണ്ടിയും ജനാധിപത്യത്തിന്റെ നിലനിൽപിന് വേണ്ടിയും സജീവമായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്താണ് വാർത്തസമ്മേളനം രാഹുൽ അവസാനിപ്പിച്ചത്.
ന്യൂഡൽഹി: ഹരിയാനയിലെ അട്ടിമറി ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഹരിയാന വോട്ടർപട്ടികക്കെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഒരു ബൂത്തിലും ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമപ്രവർത്തകരെ അനൗദ്യോഗികമായി അറിയിച്ചു.
ഒരാൾ ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റുമാർ ഇതിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും അവർ ചോദിച്ചു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 23 ഹരജികളാണ് പഞ്ചാബ് ഹരിയാന ഹൈകോടതിയിലുള്ളത്. അതിൽ ഒരെണ്ണം പിൻവലിച്ചു. നിലവിൽ 22 ഹരജികൾ ഹൈകോടതിയുടെ മുന്നിലുണ്ട്. അതിൽ രാഹുൽ ഉന്നയിച്ച രണ്ട് മണ്ഡലങ്ങളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ ആ മണ്ഡലത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ എല്ലാ ആരോപണങ്ങളും അവിടെ ഉന്നയിക്കാമെന്നാണ് കമീഷൻ പറയുന്നത്.
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വന് തോതിൽ വോട്ടുകൊള്ള നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ബിഹാറിൽ വരാൻ പോകുന്ന പരാജയം മുൻകൂട്ടിക്കണ്ടുള്ള പ്രതികരണങ്ങളാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ജനവിധി അംഗീകരിക്കാൻ കോൺഗ്രസിന് ഇപ്പോഴും കഴിയുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നത് ബിഹാറിലാണെങ്കിലും ഹരിയാനയിലെ കാര്യമാണ് ഉയർത്തിക്കാട്ടിയത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും, അപ്രസക്തമായ കാര്യങ്ങൾക്കായി സമയം പാഴാക്കരുതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാവിരുദ്ധ സംഘടനകളുമായി ചേർന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള രാഹുലിന്റെ കളികൾ വിജയിക്കില്ല.
ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപിച്ചത് അവരുടെ തന്നെ നേതാക്കളാണ്. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും തോൽക്കാറുണ്ട്. ബി.ജെ.പി ഇത്തരം തെറ്റായ പ്രചാരണം നടത്താറില്ല. ഫലം എന്തായാലും അത് സ്വാഗതം ചെയ്യുമെന്നും റിജിജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.