ഷാരൂഖിനും അജയ് ദേവ്ഗണിനും തിരിച്ചടി; പാൻ മസാല പരസ്യ കേസിൽ നിർമാതാക്കളുടെ ഹരജി തള്ളി കോടതി
ന്യൂഡൽഹി: നിരോധിത ഉൽപന്നമായ വിമൽ പാൻ മസാല പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെയുള്ള മഹാരാഷ്ട്ര എഫ്.ഡി.എയുടെ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ട് നിർമാതാക്കൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയാണ് വിധി പുറപ്പെടുവിച്ചത്.
വ്യാജ പരസ്യ വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എഫ്.ഡി.എ നൽകിയ നോട്ടീസിനെതിരെ ഡൽഹി ഹൈകോടതിക്ക് വിചാരണാധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഏറ്റവും അനുയോജ്യമായ ഫോറം മഹാരാഷ്ട്രയിലെ കോടതികളാണെന്നും, അതാണ് 'ഫോറം കൺവീനിയൻസ്' തത്വം അനുസരിച്ചുള്ള ശരിയായ രീതിയെന്നും ജസ്റ്റിസ് ശർമ്മ നിരീക്ഷിച്ചു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികാരികൾ പ്രവർത്തിക്കുന്നത് ഡൽഹിയിൽ ആസ്ഥാനമുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അധികാരപരിധിക്ക് കീഴിലാണെന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.
മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങളുള്ള പാൻ മസാല ഉൽപന്നങ്ങളെ ‘വിമൽ ഏലച്ചി’ എന്ന പേരിൽ പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടന്മാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 2024ൽ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർ ഒരുമിച്ചെത്തിയ പരസ്യമാണ് ഇപ്പോൾ എഫ്.ഡി.എയുടെ പരിശോധനക്ക് വിധേയമായിരിക്കുന്നത്. ഏലച്ചി (ഏലക്കായ) ഉൽപന്നം പ്രചരിപ്പിക്കുന്നതാണെന്ന് പരസ്യത്തിൽ പറയുന്നുണ്ടെങ്കിലും ഇതിലൂടെ അതേ ബ്രാൻഡിലുള്ള പാൻ മസാലയെ പരോക്ഷമായി പ്രമോട്ട് ചെയ്യുന്നതാണെന്നാണ് അധികൃതരുടെ നിലപാട്.
പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല തുടങ്ങിയ നിയന്ത്രിത ഉൽപന്നങ്ങളുടെ പരസ്യം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നോട്ടീസിന് താരങ്ങൾ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി സംബന്ധിച്ച് അധികൃതർ തീരുമാനിക്കുക. പരസ്യത്തിലെ പങ്കിനെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് താരങ്ങളോടും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ ജുഹുവിലുള്ള വസതിയിലേക്കും ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ മന്നത്തിലേക്കും ടൈഗർ ഷ്രോഫിന്റെ ടൈഗർ ഷ്രോഫ് പ്രൊഡക്ഷൻസ് എൽ.എൽ.പി എന്ന പ്രൊഡക്ഷൻ ഹൗസ് വഴിയുമാണ് നോട്ടീസുകൾ അയച്ചിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം 2006 ലെ സെക്ഷൻ 30(2)(എ) പ്രകാരം മഹാരാഷ്ട്ര സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ പുറപ്പെടുവിച്ച ഉത്തരവുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ പുകയില/നിക്കോട്ടിൻ അടങ്ങിയ പാൻ മസാലയുടെ നിർമാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവ നിരോധിച്ചിട്ടുണ്ട്. പരസ്യത്തിന്റെ അവതരണം, സംഭാഷണം, ഉൽപ്പന്നത്തിന്റെ പേര്, വിപണി സാഹചര്യം എന്നിവ പരിശോധിക്കുമ്പോൾ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ പരോക്ഷമോ സറോഗേറ്റോ ആയ പ്രചാരണമാണോ ഇത് എന്നതിൽ ഗുരുതരമായ സംശയം ഉയർത്തുന്നുണ്ടെന്ന് എഫ്.ഡി.എ. ചൂണ്ടിക്കാട്ടി. മൂന്ന് നടന്മാരും ഇതിൽ ബ്രാൻഡ് അംബാസഡർമാരായാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.