നഴ്സുമാരുടെ വേതനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളെന്ന് കേന്ദ്ര സർക്കാർ 

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് നിശ്ചിത വേതനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാറുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ. നിലവിലെ അടിസ്ഥാന വേതനം 20,000 രൂപയിൽ കുറയരുതെന്ന് സുപ്രീംകോടതി നിർദേശമുണ്ടെന്നും കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു. 

നഴ്സുമാരുടെ വേതന കാര്യത്തിൽ നിർദേശങ്ങൾ നൽകാൻ രണ്ട് സമിതികളെ കേന്ദ്രം നിയോഗിച്ചിരുന്നു. 200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ തത്തുല്യ വേതനം നൽകണം. 200ൽ താഴെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിലേതിന് 10 ശതമാനം കുറവും വേതനം നൽകണമെന്നും സമിതി ശിപാർശ ചെയ്തിരുന്നു.

സുപ്രീംകോടതി നിർദേശ പ്രകാരം പുതിയ വേതനം അടിസ്ഥാനമാക്കി ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ നവംബറിൽ നിർദേശം നൽകിയിരുന്നു. കോടതി നിർദേശിച്ച അടിസ്ഥാന വേതനം നഴ്സുമാർക്ക് നൽകണം. നഴ്സുമാർക്ക് വേതനം ലഭിക്കാത്ത വിഷയം ഗൗരവതരമാണ്. വിഷയത്തിൽ കേന്ദ്രത്തിന് പ്രത്യേക താൽപര്യമുണ്ട്. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ ഇടപെടുമെന്നും ജെ.പി നഡ്ഡ പറഞ്ഞു.

കേരളത്തിലെ നഴ്സുമാർ തുടരുന്ന വേതന സമരത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എം.പിമാരായ ആന്‍റോ ആന്‍റണിയും കെ.സി വേണുഗോപാലും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. നഴ്സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് നൽകിയ മറുപടിയിലാണ് ആരോഗ്യ മന്ത്രി നിലപാട് വ്യക്കമാക്കിയത്. 

Tags:    
News Summary - nurses salary: state government take proper steps - central health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.