ന്യൂഡൽഹി: വർഗീയ സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിലെ പൊലീസ് മേധാവി വരുൺ സിംഗ്ലയെ സ്ഥലം മാറ്റി. വർഗീയ സംഘർഷം നടക്കുമ്പോൾ അവധിയിലായിരുന്ന വരുൺ സിംഗ്ലക്ക് പകരം പൊലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാർണിയക്ക് തന്നെയാണ് പുതിയ ചുമതല. 2020 ഫെബ്രുവരി മുതൽ 2021 ഒക്ടോബർ വരെ നൂഹിലെ പോലീസ് സേനയുടെ തലവനായിരുന്നു വരുൺ സിംഗ്ല. 160 കിലോമീറ്റർ അകലെയുള്ള ഭിവാനി ജില്ലയിലേക്കാണ് മാറ്റം.
നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച നൂഹിൽ കർഫ്യൂ ഇളവ് നിലവിൽവന്നിട്ടുണ്ട്. കാലത്ത് പത്തു മുതൽ ഉച്ച ഒന്നുവരെ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായാണ് ഇളവ് അനുവദിച്ചതെന്ന് നൂഹ് ഡെപ്യൂട്ടി കമീഷണർ പ്രശാന്ത് പൻവർ പറഞ്ഞു. വ്യാഴാഴ്ച ഉച്ച ഒന്നു മുതൽ മൂന്ന് മണിക്കൂർ നേരത്തേക്ക് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു. ഹരിയാനയിൽ ‘സി.ഇ.ടി ഗ്രൂപ് സി. പരീക്ഷ’ നടക്കുന്നതിനാൽ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻവേണ്ടിയാണ് ഇന്റർനെറ്റ് നിരോധനത്തിന് ഇളവു നൽകിയത്.
ഇതുവരെ പൊലീസ് 93 കേസുകളെടുത്തിട്ടുണ്ട്. 180ഓളം േപർ അറസ്റ്റിലായി. നൂഹിൽ 46ഉം ഗുരുഗ്രാമിൽ 23ഉം ഫരീദാബാദിലും രേവാരിയിലും മൂന്നു വീതവും പൽവലിൽ 18ഉം കേസുകളാണ് എടുത്തത്. സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെക്കുന്നതും സ്വന്തം നിലക്ക് പോസ്റ്റുകളിടുന്നതും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാവരും സമാധാനത്തിനായി നിലകൊള്ളണെമന്നും അഭ്യർഥിച്ചു. പൊലീസിന് പുറമെ, അർധ സൈനികരും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.