ന്യൂഡല്‍ഹി: 14ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി ഏഴു മുതല്‍ ഒമ്പതുവരെ ബംഗളൂരുവില്‍ നടക്കും. ഇക്കുറി ഗള്‍ഫിന് മാത്രമായി പ്രത്യേക സെഷന്‍ ഇല്ല. കാര്യപരിപാടിയില്‍ മാറ്റംവരുത്തിയാണ് വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് സെഷന്‍ ഒഴിവാക്കിയത്. ഇ.സി.ആര്‍ രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുണ്ട്. അതില്‍ ഗള്‍ഫ് പ്രവാസി വിഷയവും ഉള്‍പ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
പ്രവാസി സമ്മേളനത്തിന് ബംഗളൂരു ഒരുങ്ങിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളൂരു ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നാലായിരത്തിലേറെ പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ പേര്‍ ഖത്തറില്‍നിന്നാണ്. പോര്‍ചുഗല്‍ പ്രസിഡന്‍റ് ആന്‍റണിയോ കോസ്റ്റയാണ് മുഖ്യാതിഥി. എട്ടിന് ഉദ്ഘാടന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹം പങ്കെടുക്കും. ഒമ്പതിന് സമാപന സെഷനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് ജേതാക്കളുടെ വിവരം തലേന്ന് പ്രഖ്യാപിക്കും.
ഏഴിന് നടക്കുന്ന യൂത്ത് പ്രവാസി ദിവസ് യുവാക്കള്‍ക്ക് പ്രത്യേകമായുള്ളതാണ്. സുരിനാം വൈസ് പ്രസിഡന്‍റ് 36കാരന്‍ മൈക്കിള്‍ സത്യേന്ദ്ര അധിന്‍ മുഖ്യാതിഥിയായിരിക്കും.
മൂന്നു ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടക്കും. പ്രവാസി വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ട്അപ്പില്‍ പ്രവാസി യുവാക്കളുടെ പങ്ക്, ഇന്ത്യയുടെ വികസനത്തിലും ടൂറിസത്തിനും പ്രവാസികളുടെ സഹകരണം, പ്രവാസികളെ മാതൃരാജ്യവുമായി ബന്ധിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം, കോണ്‍സുലാര്‍ സേവനങ്ങളില്‍ നേരിടുന്ന പ്രയാസം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച.
നിരവധി തൊഴില്‍ പ്രശ്നങ്ങളും മറ്റും നേരിടുന്നവരാണ് ഗള്‍ഫ് പ്രവാസികള്‍ എന്നതു പരിഗണിച്ചാണ് സമ്മേളനത്തില്‍ ഗള്‍ഫ് സെഷന്‍ അനുവദിച്ചത്. പ്രവാസികള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ട് മന്ത്രിമാരുടെ മുന്നില്‍ ഉന്നയിക്കാനുള്ള അവസരമായിരുന്നു അത്. ഇക്കുറി അതും നിഷേധിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ, പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തി അത് വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഭാഗമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.