അരവിന്ദ് കെജ്രിവാളും ഭാര്യ സുനിതയും (File Photo: ANI)
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹാജരാവുന്നതും തുടർന്നുള്ള നടപടികളും അടങ്ങിയ വിഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കെജ്രിവാളിന് ഹൈകോടതി നോട്ടിസ് അയച്ചു. മാർച്ച് 28ന് കെജ്രിവാൾ വിചാരണ കോടതിയെ സംബോധന ചെയ്യുന്ന വിഡിയോയാണ് സുനിത സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചത്. എ.എ.പിയുടെ ഔദ്യോഗിക പേജിലും പാർട്ടി പ്രവർത്തകരുടെ അക്കൗണ്ടുകളിലും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വിഡിയോ നീക്കംചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്.
അഭിഭാഷകനായ വൈഭവ് സിങ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി. 2021ൽ നിലവിൽവന്ന ഡൽഹി ഹൈകോടതിയുടെ ചട്ടപ്രകാരം കോടതി നടപടികൾ ചിത്രീകരിക്കുന്നതും പങ്കുവെക്കുന്നതും നിരോധിച്ചതായി ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചു. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താനാണ് വിഡിയോ പങ്കുവെച്ചതെന്നും കെജ്രിവാളിന്‍റെയും എ.എ.പിയുടെയും ഗൂഢാലോചനയുടെ ഭാഗമാണിതെന്നും വൈഭവ് സിങ് ആരോപിച്ചു.
താൻ കുറ്റക്കാരനാണെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും തനിക്കെതിരെയുള്ള ഗൂഢാലോചന നടപ്പാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും കെജ്രിവാൾ വിഡിയോയിൽ പറയുന്നുണ്ട്. തനിക്കെതിരെ മൊഴി നൽകിയവർ അത്തരത്തിൽ പറയാൻ നിർബന്ധിക്കപ്പെട്ടു. അഴിമതി നടത്തിയെന്ന് പറയുന്ന അന്വേഷണ ഏജൻസികൾക്ക് അത്തരത്തിൽ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കെജ്രിവാൾ പറയുന്നുണ്ട്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയെന്നും ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ഇ.ഡി അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.