പാകിസ്താനോ ചൈനയോ അല്ല, ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് വെറുപ്പാണ്; ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: വർഗീയ വിദ്വേഷം രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പശ്ചിമ ബംഗാളിലെ സമീപകാല അക്രമങ്ങൾ രാജ്യത്ത് വളർന്നുവരുന്ന ഹിന്ദു-മുസ്‍ലിം വിഭജനത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി പാകിസ്താനിൽ നിന്നോ ചൈനയിൽ നിന്നോ അല്ല. മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരിൽ നിന്നാണ് എന്നതിനാൽ, ജനങ്ങൾ ഒത്തുചേർന്ന് ഐക്യം പ്രകടിപ്പിക്കണമെന്ന് മുൻ കശ്മീർ മുഖ്യമന്ത്രി അഭ്യർഥിച്ചു.

വിരമിച്ച സീനിയർ പൊലീസ് സൂപ്രണ്ട് മോഹൻ ലാൽ കൈത്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി തന്റെ പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിൽ പ​​ങ്കെടുത്ത​ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുള്ള. ‘മതത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട വിദ്വേഷം രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്. പാകിസ്താനെയോ ചൈനയെയോ നമുക്ക് ഭയമില്ല. പക്ഷേ, ഈ വിദ്വേഷത്തെ നമുക്ക് ഭയമുണ്ട്. നമ്മൾ ഇത് മറികടക്കണം. എങ്കിൽ മാത്രമേ എല്ലാം ശരിയാകൂ’ -അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന അക്രമങ്ങൾ രാജ്യത്തുടനീളം വ്യാപിച്ച വർഗീയ വിഭജനത്തിന്റെ ഫലമാണെന്ന് ബി.ജെ.പിയെ ആക്രമിച്ചുകൊണ്ട് അബ്ദുള്ള പറഞ്ഞു. ‘മുസ്‍ലിം വിരുദ്ധ വാചാടോപങ്ങളും സമുദായത്തിലെ വീടുകൾക്കും പള്ളികൾക്കും സ്കൂളുകൾക്കും നേരെയുള്ള ബുൾഡോസറുകളും അവരെ അരികിലേക്കുമാറ്റി. ഇത്തരം നടപടിയുടെ നിയമസാധുത തെളിയിക്കാൻ സർക്കാറിന് കഴിയില്ല. അത് ഒടുവിൽ സുപ്രീംകോടതി നിരോധിച്ചുവെന്നും അബ്ദുള്ള പറഞ്ഞു. രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും പ്രത്യേകം നിയമങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതി നിർദേശത്തിനുശേഷം ചില ബി.ജെ.പി നേതാക്കൾ അതിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജനാധിപത്യത്തിന്റെ നാല് തൂണുകൾ രാജ്യത്ത് ജനാധിപത്യത്തെ സജീവമായി നിലനിർത്തുന്നുവെന്ന് നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞു. വഖഫ് വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടതിയുടെ അന്തിമ വിധി വരുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാനാത്വത്തിലെ ഏകത്വമാണ് രാജ്യത്തിന്റെ ശക്തിയെന്ന് നേരത്തെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അല്ലാത്തപക്ഷം ജനങ്ങൾ കൈകോർത്ത് ഐക്യം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ കരാർ പ്രകാരം രാജസ്ഥാനിലേക്കും ഉത്തർപ്രദേശിലേക്കും വെള്ളം വിൽക്കുമ്പോൾ ജമ്മുവിലെ ജനങ്ങൾ ജലക്ഷാമവും വൈദ്യുതി പ്രതിസന്ധിയും നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ഞങ്ങളുടെ വെള്ളമാണ്. അതിൽ ഞങ്ങൾക്ക് ആദ്യം അവകാശമുണ്ട്’- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘Not Pakistan or China, it’s hate that threatens India’: Farooq slams bulldozer politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.