ചെന്നൈ: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയും ഒപ്പും വാങ്ങേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി. വിവാഹ ശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭര്‍ത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ ഭാര്യക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന് റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസർ ആവശ്യപ്പെട്ടതിനെതിരെ രേവതിയെന്ന യുവതി സമർപ്പിച്ച ഹരജിയിലാണ് വിധി. 2023ലാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് വിവാഹം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ നിലയിലാണ് ഈ വർഷം ഏപ്രിലിൽ പാസ്‌പോർട്ടിനായി അപേക്ഷിച്ചത്. എന്നാൽ, ഭർത്താവിന്റെ ഒപ്പ് വാങ്ങണമെന്നും അതിനുശേഷം മാത്രമേ അപേക്ഷ പരിഗണിക്കൂവെന്നും പാസ്പോർട്ട് ഓഫിസ് അധികൃതർ അറിയിച്ചു.
വിവാഹശേഷം സ്വതന്ത്രമായി പാസ്‌പോർട്ടിന് അപേക്ഷിക്കാനുള്ള ഭാര്യയുടെ അവകാശം കോടതി ശരിവെച്ചു. വിവാഹിതയായ സ്ത്രീയെ ഭർത്താവിന്റെ സ്വത്തായി കണക്കാക്കുന്ന സമൂഹത്തിന്റെ മനോഭാവം പാസ്പോർട്ട് ഓഫിസറുടെ നിർബന്ധബുദ്ധിയിൽ പ്രകടമാണ്.
ഭർത്താവിന്റെ അനുമതിക്കായി ഒരു പ്രത്യേക ഫോമിൽ അദ്ദേഹത്തിന്റെ ഒപ്പിനുവേണ്ടി നിർബന്ധിക്കുന്ന പാസ്പോർട്ട് ഓഫിസ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.