ന്യൂഡല്‍ഹി: വരും വർഷങ്ങളിലും ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മോദി തുടരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവുണ്ടാവില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങിന്റെ പരാമർശം.
‘അന്താരാഷ്ട്ര വിഷയങ്ങളിൽ ലോകത്തിലെ വലിയ നേതാക്കൾ പോലും മോദിയുടെ ഉപദേശം തേടുന്നു. ലോകനേതാക്കളില്‍നിന്ന് ഇത്രമേല്‍ ജന്മദിനാശംസകള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ ഞാന്‍ കണ്ടിട്ടില്ല.’-രാജ്നാഥ് സിങ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന കാര്യങ്ങൾ മോദിയുടെ പ്രവർത്തന ശൈലിയുടെ ഉദാഹരണമാണ്. സൈനീക മേധാവികളുമായും ദേശീയ സുരക്ഷ ഉപദേശഷ്ടാവുമായും കൂടിയാലോചിച്ചാണ് അദ്ദേഹം നടപടി ഏകോപിപ്പിച്ചത്.
മോദിയുമായുള്ള നാലരപ്പതിറ്റാണ്ടു നീണ്ട വ്യക്തിബന്ധത്തെക്കുറിച്ചും രാജ്‌നാഥ് സിങ് ഓര്‍ത്തെടുത്തു. 2013ൽ ബി.ജെ.പി മോദിയെ കാമ്പയിൻ കൺവീനറാക്കി നിയമിച്ചു. പിന്നാലെ, പാർലമെന്ററി ബോർഡിൻറെ പിന്തുണയോടെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുകയായിരുന്നു.
മുതിർന്ന നേതാവായിരുന്ന ലാൽ കൃഷ്ണ അദ്വാനിയോട് ബഹുമാനക്കുറവുണ്ടായിരുന്നത് കൊണ്ടല്ല, മറിച്ച് മോദിയെ പോലെ ഒരാളുടെ നേതൃത്വം രാജ്യത്തിന് ആവശ്യമായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. ‘2014 തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞങ്ങൾ ഇരുവരും ഒരുമിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. മുഴുവൻ ഭൂരിപക്ഷവും അദ്ദേഹത്തിന് കിട്ടുമെന്ന് ഞാൻ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന് അത്ര ഉറപ്പുണ്ടായിരുന്നില്ല,’-രാജ്നാഥ് സിങ് പറഞ്ഞു.
വോട്ടുതിരിമറി സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ആരോപിക്കുന്നവരുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെ. സമീപ ഭാവിയിലൊന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ല. 2029, 2034 വര്‍ഷങ്ങളിലും അതിനുശേഷവും മോദി തന്നെയായിരിക്കും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.