ശങ്കരാചാര്യന്മാരെ തള്ളി വി.എച്ച്.പി: ‘ക്ഷേത്ര നിർമാണം പൂർത്തിയായാലേ പ്രതിഷ്ഠ പാടുള്ളൂ എന്ന് ഹിന്ദു മതത്തിൽ നിയമമില്ല’

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അപൂർണമ​ാണെന്നും ആചാര ലംഘനമാണെന്നും വ്യക്തമാക്കിയ ശങ്കരാചാര്യന്മാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. 22- ാം തീയതി നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ യാതൊരു ആചാരലംഘനവും ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.

‘ഹിന്ദു മതാചാരങ്ങൾ പ്രകാരം, ക്ഷേത്രനിർമാണം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ ദൈവ പ്രതിഷ്ഠ പാടുള്ളൂ എന്ന് നിയമമൊന്നുമില്ല. 'ഗർഭ ഗൃഹം' പൂർത്തിയായാൽ ദൈവത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാം’ -അലോക് കുമാർ എ.എൻ.ഐയോട് പറഞ്ഞു.

നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്. ഈ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. മറുപടി നൽകാൻ കഴിയാതെ കുടുങ്ങിയ ബി.ജെ.പിയെ സഹായിക്കാനാണ് വി.എച്ച്.പി രംഗത്തെത്തിയത്.

‘രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ഒന്ന്: ബാലശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് താഴത്തെ നിലയിലാണ് നടക്കുന്നത്. അതിന്റെ നിർമാണം പൂർത്തിയായതാണ്. രണ്ടാമത്തെ കാര്യം: ഹിന്ദു മതാചാരങ്ങൾ പ്രകാരം ക്ഷേത്രം പൂർത്തീകരിച്ച ശേഷം മാത്രമേ ദൈവ പ്രതിഷ്ഠ പാടുള്ളൂ എന്ന് നിയമമൊന്നുമില്ല. അയോധ്യ ക്ഷേത്രം പോലെയുള്ള വലിയ ക്ഷേത്രങ്ങൾ പൂർത്തിയാകാൻ വളരെ സമയമെടുക്കും. ‘ഗർഭഗൃഹം’ പൂർത്തിയായാൽ ദൈവത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാം’ -അദ്ദേഹം പറഞ്ഞു.

‘സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ആ ക്ഷേത്രത്തിന്റെ ഗർഭഗൃഹം പൂർത്തീകരിച്ച് ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുമ്പോഴാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ കീഴിൽ നടന്നത്. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം നെഹ്‌റുവിന്റെ ഭരണകാലത്ത് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ഓർക്കണം. രാഷ്ട്രപതി എന്താണ് ചെയ്തത് എന്നും നിങ്ങൾ ഇത് ഓർക്കണം’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രാണപ്രതിഷ്ഠയിലൂടെ ഇന്ത്യയുടെ ഐക്യമല്ല, വിഭജനമാണ് ഉണ്ടാവുകയെന്ന ആശങ്ക ശ്രീരാമനും ഉണ്ടാകുമെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. ക്ഷേത്രം പണി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മൂര്‍ത്തിയുടെ പ്രാണ പ്രതിഷ്ഠ നടത്തുന്നത് ധര്‍മശാസ്ത്രത്തിന് എതിരാണെന്നും 'ദ വയറി'ന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശങ്കരാചാര്യൻ പറഞ്ഞു. ക്ഷണം ലഭിച്ചിരുന്നെങ്കിൽ അയോധ്യയിൽ പോകുമായിരുന്നു. എന്നാൽ, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ല. മറ്റ് മൂന്ന് ശങ്കരാചാര്യർക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ല. എന്നാൽ, പ്രാണപ്രതിഷ്ഠയിൽ നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കില്ല -അദ്ദേഹം പറഞ്ഞു.

ക്ഷേത്രനിർമാണം പൂർത്തിയാകുന്നതിന് മുമ്പേ പ്രതിഷ്ഠ നടത്തുന്നത് ധർമശാസ്ത്രത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷ്ഠാ മുഹൂർത്തം നിശ്ചയിച്ചത് കൃത്യമായല്ല. പ്രാണപ്രതിഷ്ഠക്കുള്ള ഏറ്റവും ഉചിതമായ സമയം കണ്ടെത്തുന്നതിന് പകരം ജനുവരിയിൽ ഒരു സമയം കണ്ടെത്താനാണ് കാശിയിലെ ജ്യോതിഷിക്ക് നിർദേശം ലഭിച്ചത്.

താൻ മോദിവിരുദ്ധനല്ലെന്ന് പറഞ്ഞ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി, പക്ഷേ ക്ഷേത്ര നിർമാണവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും രാമക്ഷേത്രത്തെ രാഷ്ട്രീയവത്കരിച്ചുവെന്ന് വ്യക്തമാക്കി. എല്ലാത്തിനും മേലെ ഒരാളുടെ പേര് ഉയർത്തിക്കാട്ടുന്നതിനായുള്ള ശ്രമം ദൈവത്തോടുള്ള കലാപമാണെന്ന പുരി ശങ്കരാചാര്യരുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നു. ഈ അഭിപ്രായവുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവെക്കാനില്ലെന്നും പ്രധാനമന്ത്രിയെ തന്നെ ഉദ്ദേശിച്ചാണ് പുരി ശങ്കരാചാര്യർ അഭിപ്രായം പറഞ്ഞതെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.

ഹിന്ദുവിശ്വാസികൾ മര്യാദാപുരുഷോത്തമനായി കാണുന്ന ശ്രീരാമൻ, തന്‍റെ പ്രതിഷ്ഠയുടെ പേരിൽ നടക്കുന്ന കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുമെന്ന് അഭിമുഖത്തിൽ ശങ്കരാചാര്യരോട് ചോദിക്കുന്നുണ്ട്. രാമക്ഷേത്രത്തിന്‍റെ രാഷ്ട്രീയവത്കരണം ഇന്ത്യയെയും ഹിന്ദുക്കളെതന്നെയും ഏകീകരിക്കുന്നതിനേക്കാൾ വിഭജിക്കുമോയെന്ന ആശങ്കയാണ് രാമനുണ്ടാവുകയെന്ന് ശങ്കരാചാര്യൻ മറുപടി നൽകി.

അതേസമയം,പ്രതിഷ്ഠയ്ക്കായി തെരഞ്ഞെടുത്ത ശ്രീരാമവിഗ്രഹം ഇന്ന് ക്ഷേത്രത്തിനുള്ളിൽ എത്തിക്കും. ഒരാഴ്ച നീളുന്ന ചടങ്ങുകളുടെ ഭാഗമായാണ് ഇന്ന് പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ക്ഷേത്രത്തിൽ എത്തുക. വിവിധ നദികളിലെ പുണ്യജലങ്ങളിൽ ശ്രീരാമ വിഗ്രഹത്തിന്റെ ആറാട്ട് ഇന്ന് നടക്കും. പ്രാണ പ്രതിഷ്ഠക്കുശേഷം ഈ മാസം 23 മുതലാണ് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിക്കുക. അതുകൊണ്ടുതന്നെ ഇന്ന് ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ എത്തുന്ന വിഗ്രഹം ജനങ്ങൾക്ക് കാണാൻ സാധിക്കുകയില്ല.

രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് കോടതികൾക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ബാർ കൗൺസിൽ കത്തയച്ചിരുന്നു. അവധി നൽകിയാൽ രാജ്യത്തെങ്ങുമുള്ള ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കുമെല്ലാം പ്രതിഷ്ഠ ചടങ്ങിലും അതോടനുബന്ധിച്ചുള്ള പരിപാടികളിലും പ​ങ്കെടുക്കാനും നിരീക്ഷിക്കാനുമാവും. അടിയന്തരമായി പരി​ഗണിക്കേണ്ട കേസുകൾക്ക് പ്രത്യേക സംവിധാനമൊരുക്കുകയോ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റുകയോ ചെയ്യാമെന്നും ബാർ കൗൺസിൽ ചെയർമാനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്രയുടെ നേതൃത്വത്തിൽ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

ഈ അഭ്യർഥന അങ്ങേയറ്റം സഹാനുഭൂതിയോടെ പരിഗണിക്കുകയും ജനങ്ങളുടെ വികാരവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഈ ചരിത്ര സന്ദർഭം ആഘോഷിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്നും കത്തിൽ അഭ്യർഥിച്ചു.

Tags:    
News Summary - "No rule in Hindu rituals that God be seated after completion of temple": VHP Chief alok kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.