എം.പിമാർ മാപ്പ് പറയുന്ന പ്രശ്നമില്ല; സസ്പെൻഷൻ സഭാചട്ടങ്ങൾക്ക് വിരുദ്ധം - മല്ലികാർജുൻ ഖാർഗെ

ന്യൂഡല്‍ഹി: നടപടി നേരിടുന്ന എം.പിമാര്‍ മാപ്പ് പറയുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.

പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എം.പിമാരെ സസ്‌പെന്റ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യന്‍റെ ശബ്ദത്തെ ഞെരിച്ചമർത്തുന്നതാണെന്ന് ഖാർഗെ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് ഖാർഗെയുടെ ഓഫിസിൽ വെച്ചായിരിക്കും യോഗം ചേരുക.

കേന്ദ്രസർക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രസ്തവനയിറക്കി. ജനാധിപത്യ മര്യാദയില്ലാത്ത സർക്കാർ നടപടിയെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ശിവസേന, ആർ.ജെ.ഡി. സി.പി.ഐ. സി.പി.എം, ഐ.യു.എം.എൽ, എൽ.ഡെ.ജി, എം.ഡി.എം.കെ, ടി.ആർ.എസ്, എ.എ.പി, ജെ.ഡി.എസ് എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.

പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ടും കര്‍ഷക സമരവുമായി ബന്ധപ്പെട്ടും പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയതിനാണ്  പ്രതിപക്ഷ എം.പിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. എളമരം കരിം,ബിനോയ്‌ വിശ്വം എന്നിവർ ഉൾപ്പെടെ 12 എം.പിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്.

വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ ഉണ്ടായ ബഹളത്തിനാണ് ശീതകാലസമ്മേളനത്തിൽ എം.പിമാരെ ശിക്ഷിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായാണ് എന്നാണഅ ആക്ഷേപം. പെഗാസസ് ചാരവൃത്തിയിൽ അന്വേഷണവും പാർലമെന്‍റിലെ ചർച്ചയും ആവശ്യപ്പെട്ടു ആഗസ്ത് 11 നാണ് രാജ്യസഭ പ്രക്ഷുബ്ധമായത്. സഭയിൽ അംഗങ്ങൾ മോശമായി പെരുമാറിയാൽ ആ സമ്മേളന കാലയളവിൽ തന്നെയാണ് സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടത്.

Tags:    
News Summary - No question of apologising: Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.