ന്യൂഡൽഹി: ഒടുവിൽ കോൺഗ്രസും ബഹിഷ്കരിക്കുമെന്ന് വന്നതോടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ എം.പിമാർ ഇല്ലാത്ത സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വഴിയൊരുങ്ങി. പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും സർക്കാറുകളെയും അട്ടിമറിക്കാനുള്ളതെന്ന വിമർശനം നേരിടുന്ന 130ാം ഭരണഘടന ഭേദഗതി പരിശോധിക്കാൻ കേന്ദ്രസർക്കാർ ഉണ്ടാക്കുന്ന ജെ.പി.സി ബഹിഷ്കരിക്കാനാണ് എല്ലാ ഇൻഡ്യ കക്ഷികളും തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ എന്നിവർ ആരെങ്കിലും 30 ദിവസം ക്രിമിനൽ കേസിൽ പെട്ട് ജയിലിൽ കിടന്നാൽ സ്വമേധയാ അവരുടെ മന്ത്രിസ്ഥാനം ഇല്ലാതാകുന്ന വിവാദ ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്. സമിതി അതിന്റെ റിപ്പോർട്ട് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സ്പീക്കർ ഓം ബിർള അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 31 അംഗ ജെ.പി.സി രൂപവത്കരിക്കാനിരിക്കേയാണ് സമിതിയിൽ പങ്കാളികളാകേണ്ടതില്ലെന്ന് കോൺഗ്രസും തീരുമാനിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് തുടങ്ങിവെച്ച ബഹിഷ്കരണത്തിന്റെ പാത തെരഞ്ഞെടുക്കാൻ കോൺഗ്രസും ഡി.എം.കെയും സി.പി.എമ്മും നിർബന്ധിതരാകുകയായിരുന്നു. പ്രതിപക്ഷ ഐക്യം ഓർത്താണ് മറ്റു കക്ഷികളുടെ ബഹിഷ്കരണ നിലപാടിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നത്. ബിഹാർ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ ‘വോട്ട് ചോരി’ പ്രചാരണത്തിലൂടെയും രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിലൂടെയും ഉണ്ടാക്കിയെടുത്ത ഓളം നിലനിർത്താൻകൂടിയാണ് കോൺഗ്രസ് സ്വന്തം നിലപാടിൽ മാറ്റം വരുത്തിയത്.
ജെ.പി.സിയിൽ പ്രതിപക്ഷം തങ്ങളുടെ പ്രാതിനിധ്യം നിർബന്ധമായും ഉപയോഗിക്കണം എന്ന നിലപാടിലായിരുന്നു കോൺഗ്രസും ഡി.എം.കെയും സി.പി.എമ്മും. ഭരണഘടന വിരുദ്ധവും ഫെഡറൽ ഘടന തകർക്കുന്നതുമായ അമിത് ഷായുടെ ബില്ലിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണം എന്നതായിരുന്നു അവരുടെ നിലപാട്. എന്നാൽ, തൃണമൂൽ കോൺഗ്രസിനു പുറമെ സമാജ് വാദി പാർട്ടി, ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എന്നീ പാർട്ടികളും ആം ആദ്മി പാർട്ടിയും ജെ.പി.സിയിൽ ചേരില്ലെന്ന് വ്യക്തമാക്കി.
കൂടിയാലോചനക്ക് നിൽക്കാതെ തൃണമൂൽ കോൺഗ്രസാണ് സ്വന്തം നിലക്ക് ആദ്യമേ ബഹിഷ്കരണ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. എന്തുതന്നെ വിയോജിപ്പുകൾ രേഖപ്പെടുത്തിയാലും ബിൽ പാർലമെന്റിൽ അടിച്ചേൽപിക്കും എന്ന് പറഞ്ഞാണ് നിഷ്ഫലമായ പ്രക്രിയയുടെ ഭാഗമാകേണ്ടതില്ല എന്ന നിലപാട് തൃണമൂൽ കോൺഗ്രസ് എടുത്തത്.
ടി.എം.സിയുടെ ഒരു എം.പിയെയും തങ്ങൾ നാമനിർദേശം ചെയ്യില്ലെന്ന് ആദ്യമേ പാർട്ടി വ്യക്തമാക്കി. ടി.എം.സിക്ക് പിന്നാലെ സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും തങ്ങളും സമിതിക്ക് അംഗങ്ങളെ നിർദേശിക്കില്ലെന്ന് ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസും ഡി.എം.കെയും സി.പി.എമ്മും ഒപ്പം നിൽക്കാമെന്ന ധാരണയിൽ എത്തിച്ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.