ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, മുംബൈയിലെ പ്രാവുകൾക്ക് തീറ്റ നൽകുന്നയിടങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

മുംബൈയിലെ പ്രത്യേകതയാണ് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നയിടങ്ങള്‍ അഥവാ കബൂത്തർ ഖാനകൾ. ഇത്തരം ഇടങ്ങള്‍ അടച്ചുപൂട്ടണമെന്ന കര്‍ശന നിര്‍ദേശമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പ്രാവുകളുടെ വിസര്‍ജ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഖബൂതര്‍ ഖാനയുടെ ചുറ്റുപാടുമുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുവെന്ന് ശിവസേന നേതാവ് മനീഷ് കായണ്ടേ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. 'കബൂത്തർ ഖാനകൾ' ചുറ്റുമുള്ള ആളുകൾക്ക് അപകടകരമാണെന്നും അവയുടെ മാലിന്യങ്ങളും തൂവലുകളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ബി.ജെ.പി നേതാവ് ചിത്ര വാഗും തന്റെ അമ്മായിയുടെ മരണത്തിന് കാരണം ഇത്തരത്തിലുണ്ടായ ശ്വാസകോശ പ്രശ്‌നമാണെന്ന് സഭയെ അറിയിച്ചു.

മുംബൈ നഗരത്തില്‍ മാത്രം 51 ഖബൂതര്‍ ഖാനകളാണ് നിലവിലുള്ളത്. പ്രശ്‌നം ഗുരുതരമായതോടെ എല്ലാ ഖബൂതര്‍ ഖാനകളും അടക്കാൻ ബി.എം.സിക്ക് നിര്‍ദേശം നല്‍കി. ഒപ്പം ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രശസ്തമായ ദാദര്‍ ഖബൂതര്‍ ഖാന രണ്ട് ദിവസം അടച്ചിട്ടെങ്കിലും വീണ്ടും അവിടെ പക്ഷികള്‍ക്ക് തീറ്റ നല്‍കാന്‍ ആരംഭിച്ചിരുന്നു.

അതേസമയം സാന്‍ദാക്രൂസ് ഈസ്റ്റ്, ദൗലത്ത് നഗര്‍ എന്നിവിടങ്ങളിലെ ഖബൂതര്‍ ഖാനകള്‍ അടക്കുകയും അവിടെ ബി.എം.സി ട്രാഫിക്ക് ഐലന്റും മിയാവാക്കി തോട്ടവും ഉണ്ടാക്കിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗിര്‍ഗോം ചൗപ്പട്ടിയിൽ പ്രാവുകള്‍ പിസയും ബര്‍ഗറും വരെ തിന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    
News Summary - No more 'kabootar khanas' in Mumbai:state ordered closure of 51 feeding zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.