മുസാഫിർ നഗർ: വിവാഹസദ്യക്ക് ഇറച്ചി വിളമ്പാത്തതിൽ പ്രതിഷേധിച്ച് വരനും സംഘവും വിവാഹത്തിൽനിന്ന് പിന്മാറിയതോടെ ചടങ്ങിനെത്തിയ ഒരാൾ പുതിയ വരനായി. ഉത്തർപ്രദേശിലെ ഖുൽഹെദി ഗ്രാമത്തിലെ നഗ്മയെ വിവാഹം കഴിക്കേണ്ടിയിരുന്ന റിസ്വാനാണ് പച്ചക്കറി മാത്രമുള്ള ഭക്ഷണം ലഭിച്ചതിൽ പ്രതിഷേധിച്ച് വിവാഹംതന്നെ വേണ്ടെന്നുവെച്ചത്.
മാർക്കറ്റിൽനിന്ന് ആവശ്യത്തിൽ ഇറച്ചി ലഭ്യമാകാത്തതാണ് സദ്യ പച്ചക്കറിയാക്കാൻ കാരണമെന്ന് വിശദീകരിച്ച് വധുവിെൻറ വീട്ടുകാരും ഗ്രാമസഭയും ചേർന്ന് അനുനയ ശ്രമം നടത്തിയെങ്കിലും വരനും കൂട്ടരും വഴങ്ങിയില്ല. വരെൻറ നിലപാടിൽ മനംനൊന്ത വധുവും യുവാവിനെ വരിക്കാൻ തയാറായില്ല. ഇതിനിടെയാണ് വിവാഹത്തിൽ പെങ്കടുക്കാനെത്തിയ ഒരാൾ നഗ്മയെ വിവാഹം ചെയ്യാൻ തയാറായത്. വധു സമ്മതം മൂളുകയും ഗ്രാമസഭ പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ തീരുമാനിച്ചപോലെ വിവാഹം നടന്നു.
നിയമവിരുദ്ധ അറവുശാലകൾ അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് ഇറച്ചിക്ഷാമം രൂക്ഷമാവുകയും വില ഉയരുകയും ചെയ്തിരുന്നു. നേരത്തേ കിലോക്ക് 150 രൂപയുണ്ടായിരുന്ന മാട്ടിറച്ചിക്ക് 400 രൂപയും 350 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴി ഇറച്ചിക്ക് 260 രൂപയാണ് വില. മാർച്ച് 11 മുതലാണ് ഉത്തർപ്രദേശിലെ നിയമവിധേയമല്ലാത്ത അറവുശാലകൾ അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.