ന്യൂഡൽഹി: ജന്തർമന്ദറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അഭിജിത് ദിപ്കെയുടെ കോക്ക്രോച്ച് ജനതാ പാർട്ടിക്ക് പിന്നിൽ വിദേശ ഫണ്ടിങ് ഉണ്ടെന്ന ആരോപണങ്ങളിൽ തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് എം.ഇ.എ വക്താവ് രൺധീർ ജൈസ്വാൾ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.
സി.ജെ.പി പ്രൊട്ടസ്റ്റുകൾക്ക് പിന്നിൽ ഇന്ത്യാവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും ഐ.ടി സെൽ മേധാവി അമിത് മാളവ്യയും ആരോപിച്ചിരുന്നു. ഇതിനുപുറമെ, ജന്തർമന്ദറിലെ സമരക്കാരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജൂൺ 20 മുതൽ ജന്തർമന്ദറിൽ പ്രക്ഷോഭം ആരംഭിച്ചത്. സമരം ഡൽഹിക്ക് പുറമെ കൊൽക്കത്ത, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇതിനോടകം രണ്ട് ഘട്ട ചർച്ചകൾ നടത്തി. യൂണിയൻ മന്ത്രി ജെ.പി നദ്ദ, സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തിലാണ് സി.ജെ.പി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. സമരക്കാരുടെ മൂന്ന് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണത്തിന് തത്വത്തിൽ സർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് സി.ജെ.പി നേതാക്കൾ അറിയിച്ചു. എന്നാൽ ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന കാര്യത്തിൽ മാത്രം സർക്കാർ ഒരു ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് സി.ജെ.പി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും ചർച്ചകൾ നടക്കാനിരിക്കുകയാണ്.
അതേസമയം, പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതിനെ തുടർന്ന് ജന്തർമന്ദർ പ്രദേശം കടുത്ത സംഘർഷഭരിതമായിരുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് ശനിയാഴ്ച നടക്കുന്ന നിർണ്ണായക ചർച്ചയ്ക്ക് ശേഷം വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കോക്ക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെ നിരോധനാജ്ഞ ലംഘനം, വധശ്രമം, കലാപശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. കർത്തവ്യ പഥ് പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ഗൗരവമേറിയ വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.