സർക്കാർ ഫണ്ടില്ല; കർണാടകയിലെ അംഗൻവാടികളിൽ മുട്ട വിതരണം നിർത്തി

ബംഗളൂരു: സംസ്ഥാനത്തെ അംഗൻവാടികൾ വഴി കുട്ടികൾക്കും ഗർഭിണികൾക്കും കോഴിമുട്ട നൽകുന്ന പദ്ധതി അവതാളത്തിൽ. സർക്കാർ ഫണ്ട് നൽകാത്തിനാൽ ഈ വർഷം ആഗസ്റ്റ് മുതൽ പലയിടത്തും മുട്ടവിതരണം നടത്തിയിട്ടില്ല. സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് വിശദീകരണമുണ്ടെങ്കിലും സർക്കാർ പണം നൽകാത്തതാണ് യഥാർഥ പ്രശ്നം. കർണാടകയിലെ കുട്ടികളിലും സ്ത്രീകളിലും പോഷകക്കുറവ് ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ മൂന്നു മുട്ടകളും ഗർഭിണികൾക്ക് ആറ് മുട്ടകളും നൽകാൻ തുടങ്ങിയത്.

എന്നാൽ, സർക്കാർ ഫണ്ട് മുടങ്ങിയതോടെ പലയിടത്തും നിലവിൽ മുട്ടകൾ നൽകുന്നില്ല. ധനകാര്യവകുപ്പിന്‍റെ ഇന്‍റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്‍റ് സിസ്റ്റം-ഖജാനെ രണ്ടു വഴിയാണ് പദ്ധതിക്കുള്ള ഫണ്ട് സർക്കാർ നൽകിയിരുന്നത്. എന്നാൽ ഇത് നിലച്ചതോടെ അംഗൻവാടി അധ്യാപികമാർ സ്വന്തം കൈയിൽനിന്ന് പണം എടുത്തായിരുന്നു മുട്ട വിതരണം നടത്തുന്നത്.

എന്നാൽ, ഇതിനു കഴിയാത്ത ഇടങ്ങളിൽ മുട്ടവിതരണം നിർത്തിയിട്ടുണ്ട്. പണം ഇല്ലാത്തതിനാൽ തങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്നില്ലെന്ന് ഗഡഗ്, യാദ്ഗിർ, റായ്ചൂർ എന്നിവിടങ്ങളിലെ അംഗൻവാടി വർക്കർമാർ പറഞ്ഞു. കർണാടകയിൽ ആകെ 64000ത്തിലധികം അംഗൻവാടികളാണുള്ളത്. ഇതിൽ 6000 മുതൽ 7000 ഇടത്തുമാത്രമാണ് ഗുണഭോക്താക്കൾക്ക് നിലവിൽ മുട്ടവിതരണം ചെയ്യുന്നുള്ളൂ. മറ്റിടങ്ങളിൽ പണം ഇല്ലാത്തതിനാൽ വിതരണം നിർത്തുന്ന അവസ്ഥയാണെന്നും സംസ്ഥാന അംഗൻവാടി വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറി എം. ജയമ്മ പറയുന്നു.

ഈ വർഷം ഏപ്രിലിൽ മുട്ടകൾ എത്തിക്കാനായി സർക്കാർ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ ആഗസ്റ്റ് മാസത്തോടെ കരാറുകാരൻ മുട്ട എത്തിക്കുന്നതിൽനിന്ന് പിന്മാറിയെന്നും ഫെഡറേഷൻ നേതാക്കൾ പറയുന്നു. എന്നാൽ, വിജയനഗര ജില്ലയിൽ മാത്രമാണ് ഫണ്ടിന്‍റെ പ്രശ്നമുള്ളൂ എന്നാണ് വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് വകുപ്പ് ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പറയുന്നത്. സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നാണ് പറയുന്നത്.

മുട്ടകൾ എത്തിക്കാത്ത പ്രശ്നം രണ്ടു മാസങ്ങൾക്കു മുമ്പ് പരിഹരിച്ചതായി ഉത്തര കന്നട ജില്ല പഞ്ചായത്ത് സി.ഇ.ഒ എം. പ്രിയങ്ക പറഞ്ഞു. എന്നാൽ, താലൂക്ക് തലത്തിൽ അംഗൻവാടികൾ വിഭജിച്ചതിനുശേഷം വലിയ താലൂക്കുകളിലെ അംഗൻവാടികൾ ഫണ്ട്പ്രശ്നം അനുഭവിക്കുന്നുണ്ട്. അടുത്ത ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ മറ്റ് ഇനത്തിലുള്ള ഫണ്ടുകൾ മുട്ട വിതരണത്തിനായി ഉപയോഗിക്കണമെന്ന് ചൈൽഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫിസർമാർക്ക് നിർദേശം നൽകിയതായും അവർ പറഞ്ഞു.

Tags:    
News Summary - No government fund; Egg supply stopped in Anganwadis in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.