കൊൽക്കത്ത: രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വഴിത്തിരിവായി സഹപാഠിയുടെ അറസ്റ്റ്. വിദ്യാർഥിനിക്കെതിരെ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും ഒരാൾ മാത്രമാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥിനിക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയ സഹപാഠിയെയാണ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആറ് പേരാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ സഹപാഠിക്കുള്ള പങ്കിനെ കുറിച്ച് പൊലീസിന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. സംഭവ ദിവസം സഹപാഠി ധരിച്ച വസ്ത്രവും അറസ്റ്റിലായവരുടെ ഡി.എൻ.എയും വിദഗ്ധ പരിശോധനക്കായി അയക്കും. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ പങ്കിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂട്ടബലാത്സംഗം നടന്നു എന്നു പറയപ്പെടുന്ന കാട്ടിൽ നിന്നും ലഭിച്ച തെളിവുകളും ഇരയുടെ മൊഴിയും അനുസരിച്ച് ഒരാൾ മാത്രമാണ് ബലാത്സംഗം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചാലേ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാവുകയുള്ളൂ.
ഒഡിഷയിലെ ജലേശ്വർ സ്വദേശിയായ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയെ വെള്ളിയാഴ്ച രാത്രിയാണ് ദുർഗാപൂർ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് പുറത്ത് വെച്ച് പ്രതികൾ ശാരീരികമായി ഉപദ്രവിച്ചത്. സംഭവത്തെ തുടർന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് കാരണക്കാരായ കുറ്റവാളികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആവശ്യപ്പെട്ടു. ഒഡിഷ സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ സോവന മൊഹന്തി പെൺകുട്ടിയുമായി സംസാരിച്ചിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പെൺകുട്ടിയുടെ സുരക്ഷയിൽ തന്റെ സർക്കാരിന്റെ പേര് വലിച്ചിഴക്കരുതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും പെൺകുട്ടികൾ സ്വയം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും ഭുവനേശ്വറിലേക്ക് മാറ്റണമെന്നും പിതാവ് ഒഡിഷ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.