രാജസ്ഥാനിൽ ഗാന്ധിജയന്തിക്ക് അവധിയില്ല; സർവകലാശാലകൾ നിയമ നടപടിയിലേക്ക്

ജയ്പുർ: രാജസ്ഥാനിലെ വിവിധ സർവകലാശാലകളിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് അവധിയില്ല. രാജസ്ഥാൻ ഗവർണറും സർവകലാശാലകളിലെ ചാൻസലറുമായ കല്യാൺ സിങ് ഇറക്കിയ 2017-18 അധ്യനവർഷത്തെ കലണ്ടറുകളിൽ നിന്നാണ് ഗന്ധിജയന്തിദിനത്തിലെ അവധി അപ്രത്യക്ഷമായത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ചില സർവകലാശാലകൾ. 

കലണ്ടറനുസരിച്ച് മുഹറത്തിനും ദീപാവലിക്കുമായി ഒക്ടോബർ മാസത്തിൽ രണ്ട് അവധികളാണുള്ളത്. എന്നാൽ ഗുരുനാനാക്ക്, ബി.ആർ.അംബേദ്ക്കർ, മഹാ റാണാ പ്രതാപ്, റാംദേവ് എന്നിവരുടെ ജന്മദിനങ്ങളിൽ ഈ കലണ്ടറിൽ അവധി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറെ ആശ്ചര്യകരം. രണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ ഈ കലണ്ടർ സംസ്ഥാനത്തെ 12 യൂണിവേഴ്സിറ്റികൾക്കും അയച്ചുകൊടുത്തിരുന്നു. ചില യൂണിവേഴ്സിറ്റികൾ കലണ്ടർ പ്രകാരമുള്ള അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണെങ്കിലും മറ്റുള്ളവർ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

സംസ്ഥാന കലണ്ടർ അനുസരിച്ചാണ് സർവകലാശാലകളിലേക്കുള്ള അക്കാദമിക് കലണ്ടറുകൾ തയ്യാറാക്കിയതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. സംസ്ഥാന സർക്കാർ നൽകിയ ഗസറ്റഡ് അവധി കലണ്ടർ പ്രകാരമാണ് സർവകലാശാലകളിലേക്കുള്ള കലണ്ടറും തയാറാക്കിയത്.

സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും ഗാന്ധിജയന്തി ദിവസം ആഘോഷങ്ങൾ നടക്കുന്നതിനാലാണ് അവധി നൽകാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി കിരൺ മഹേശ്വരിയുടെ വാദം.

Tags:    
News Summary - No Gandhi Jayanti holiday in Rajasthan universities this year-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.