ന്യൂഡൽഹി:ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവുമാണെന്ന രീതിയിൽ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്ത്. രാജ്യത്ത് ഭക്ഷ്യസാധനങ്ങൾക്കോ മറ്റ് അവശ്യവസ്തുക്കൾക്കോ യാതൊരുവിധ ക്ഷാമവുമില്ലെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. എക്സ് വഴിയാണ് എംബസി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനിലെ ജനജീവിതം ദുസ്സഹമാണെന്ന രീതിയിൽ ‘ആജ് തക്’ ഉൾപ്പെടെയുള്ള ചില പ്രമുഖ ഇന്ത്യൻ ചാനലുകൾ സമീപദിവസങ്ങളിൽ വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ നയതന്ത്ര കാര്യാലയത്തിന്റെ ഭാഗത്തുനിന്നും വിശദീകരണം ഉണ്ടായിരിക്കുന്നത്. ഇറാനെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, വിശ്വസനീയവും ഔദ്യോഗികവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ഇറാൻ സർക്കാരിനെതിരായ പ്രത്യേക അജണ്ടകളോടെ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും, അത്തരം മാധ്യമങ്ങൾ നൽകുന്ന പക്ഷപാതപരമായ വാർത്തകൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും എംബസി ചൂണ്ടിക്കാട്ടി.
ബാഹ്യശക്തികളുടെ കടുത്ത സമ്മർദ്ദങ്ങളെയും ഉപരോധങ്ങളെയും അതിജീവിച്ചാണ് ഇറാൻ മുന്നോട്ടുപോകുന്നത്. പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഇടപെടലുകൾ കാരണം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിതരണവും ലഭ്യതയും കൃത്യമായി ഉറപ്പാക്കുന്നുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങളും പ്രാദേശിക പ്രതിസന്ധികളും സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും, രാജ്യത്തെ ആഭ്യന്തര വിതരണ ശൃംഖല ശക്തമാണെന്ന് എംബസി വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായുള്ള തർക്കങ്ങളും പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും തുടരുന്നതിനിടയിലാണ് നയതന്ത്ര വിശദീകരണം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സമാധാനം ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധത്തിൽ ഏറെ നിർണായകമാണ്. ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖ പദ്ധതി, ഇന്ത്യയുടെ ഊർജ സുരക്ഷ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ എന്നിവയിൽ ഇന്ത്യയ്ക്ക് വലിയ താൽപ്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാതിരിക്കാൻ മാധ്യമങ്ങൾ കൃത്യത പുലർത്തണമെന്നാണ് ഇറാൻ എംബസി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.