ന്യൂഡൽഹി: ബി.ജെ.പി വിജയത്തിന് പിന്നാലെ ഡൽഹി സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണം. ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് റെക്കോഡുകൾ എന്നിവ അനുമതിയില്ലാതെ പുറത്ത് കൊണ്ടു പോകുന്നതിന് നിരോധനമേർപ്പെടുത്തി. സെക്രട്ടറിയേറ്റ് കെട്ടിടത്തിലേക്കുള്ള ആളുകളുടെ പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കൊണ്ടു വന്നത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഫയലുകൾ സുരക്ഷിതമാക്കുന്നതിനാണ് നിയന്ത്രണമെന്നാണ് വകുപ്പ് വ്യക്തമാക്കിയത്. സുരക്ഷ മുൻനിർത്തി ഫയലുകളും രേഖകളും കമ്പ്യൂട്ടർ ഹാർഡ്വെയർ ഉപകരണങ്ങളും സെക്രട്ടറിയേറ്റിൽ നിന്ന് കൊണ്ടു പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷന്റെ ഉത്തരവിൽ പറയുന്നു.
ഇതു സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ നിർദേശം നൽകണമെന്നും ജനറൽ അഡ്മിനിസ്ട്രേഷന്റെ ഉത്തരവിൽ പറയുന്നു. മറ്റൊരു ഉത്തരവിൽ സെക്രട്ടറിയേറ്റിലേക്ക് വരുന്ന ആളുകളെ കർശന പരിശോധന ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. വരുന്ന ആളുകളെ കർശന പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം മാത്രം പ്രവേശനാനുമതി നൽകിയാൽ മതിയെന്നാണ് സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാർക്ക് നൽകിയ നിർദേശം.
സി.സി.ടി.വി കൃത്യമായ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഡൽഹി സെക്രട്ടറിയേറ്റ് പൂർണമായും സീൽ ചെയ്തുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഡൽഹിയിൽ 27 വർഷത്തിന് ശേഷം ബി.ജെ.പി അധികാരം പിടിച്ചിരുന്നു. 70 സീറ്റുകളിൽ 48 എണ്ണം നേടിയാണ് ബി.ജെ.പിയുടെ വിജയം. 22 സീറ്റുകളിൽ ജയിക്കാൻ മാത്രമാണ് എ.എ.പിക്ക് സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.