ന്യൂഡൽഹി: പകൽ സമയത്ത് ഇനി ടെലിവിഷൻ ചാനലുകളിൽ ഗർഭ നിരോധന ഉറകളുടെ പരസ്യമുണ്ടാകില്ല. ഗർഭ നിരോധന ഉറകളുടെ പരസ്യം രാത്രി 10 മുതൽ പുലർച്ചെ ആറുമണി വരെ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടെലിവിഷൻ ചാനലുകൾ തുടർച്ചയായി ഇത്തരം പരസ്യം നൽകുന്നതിലൂടെ കുട്ടികൾ അനാവശ്യവും അശ്ലീലവുമായ വിവരങ്ങളും ദൃശ്യങ്ങളും കാണുന്നുവെന്ന പ്രേക്ഷകരുടെ പരാതിയെ തുടർന്നാണ് നടപടി. ഗർഭ നിരോധന ഉറകളുടെ പരസ്യവുമായി ബന്ധപ്പെട്ട് അഡ്വർടൈസ്മെൻറ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഒാഫ് ഇന്ത്യക്കാണ് പരാതികൾ ലഭിച്ചത്. ഇവർ കേന്ദ്ര സർക്കാറിെൻറ നിർദേശം തേടിയതോടെയാണ് ഉത്തരവിന് വഴിയൊരുങ്ങിയത്.
ഗർഭ നിരോധന ഉറകളുടെ പരസ്യം മുതിർന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ, പകൽ സമയത്ത് പ്രദർശിപ്പിക്കരുതെന്നുമാണ് പരാതികളിലുണ്ടായിരുന്നത്. കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്നതും അനാരോഗ്യകരമായ പ്രവണതകൾ സൃഷ്ടിക്കുന്നതുമായ പരസ്യങ്ങൾ സംപ്രേഷണം പാടില്ലെന്ന് കേബ്ൾ നെറ്റ്വർക്ക് ടെലിവിഷൻ നിയമം നിർദേശിക്കുന്നുണ്ട്. ഇൗ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് വാർത്ത വിനിമയ മന്ത്രാലയം ഗർഭ നിരോധന ഉറകളുടെ പരസ്യത്തിന് പകൽ സമയത്ത് നിയന്ത്രണമേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.