പട്‌ന: സംസ്ഥാനത്തെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവ വോട്ടർമാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.ഡി.യു സർക്കാരിന്‍റെ പുതിയ പ്രഖ്യാപനങ്ങൾ.
ബിരുദം പൂർത്തിയാക്കിയതും തൊഴിൽ ഇല്ലാത്തതുമായ 20നും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് പദ്ധതിയുലൂടെ ലക്ഷ്യമിടുന്നത്. രണ്ട് വർഷത്തേക്ക് പ്രതിമാസം 1,000 രൂപ വീതം മുഖ്യ മന്ത്രി നിശ്ചയ് സ്വയം സഹായ അലവൻസ് സ്കീം മുഖേന നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് ടു പരീക്ഷ പാസായ തൊഴിലില്ലാത്ത യുവാക്കൾക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. 2016 ഒക്ടോബർ 2 നാണ് സ്വാശ്രയ അലവൻസ് പദ്ധതി ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ ജോലി കണ്ടെത്തുന്നതിൽ സഹായിക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.
തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീ യുവാക്കൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും മികച്ച തൊഴിലവസരങ്ങൾ നേടുന്നതിനായി നൈപുണ്യ പരിശീലനം നേടുന്നതിനും സഹായം നൽകുന്നതിനായി പദ്ധതി വിപുലീകരിക്കുകയായിരുന്നു.
'സംസ്ഥാന സർക്കാരിന്റെ സാത് നിശ്ചയ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ്ത ഭട്ട യോജന വിപുലീകരിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിലവിൽ ഇന്റർമീഡിയറ്റ് പാസായ യുവാക്കൾക്ക് നൽകുന്ന പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ കല, ശാസ്ത്രം, വാണിജ്യം എന്നിവയിൽ വിജയിച്ച തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീ യുവാക്കൾക്കും ലഭ്യമാക്കിയിട്ടുണ്ട്' എന്നാണ് നിതീഷ് കുമാർ തന്‍റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.