നിമിഷപ്രിയ
ന്യൂഡൽഹി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആക്ഷൻ കൗൺസിൽ.
നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ യമനിലേക്ക് കൈമാറിയെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പണം കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹി അഡ്വ. സുഭാഷ് ചന്ദ്രൻ പറഞ്ഞു.
യാത്രവിലക്കുണ്ടായിട്ടും നിമിഷപ്രിയയുടെ മാതാവിന് യമനിലേക്ക് പോകാൻ സൗകര്യം ഒരുക്കിയെന്ന് മന്ത്രിയുടെ മറുപടിയിലുണ്ട്. എന്നാൽ, നിമിഷപ്രിയക്ക് അഭിഭാഷകനെ നൽകിയതും മാതാവിന് യമനിൽ പോകാൻ സാഹചര്യം ഒരുക്കിയതും ഡൽഹി ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നു ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന് മാത്രമേ ഇനിയും എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. നിമിഷയുടെ മോചനത്തിൽ ഇനിയും പ്രതീക്ഷയുണ്ട്.
ആവശ്യമായ ഇടപെടൽ നടത്തി മോചനം വേഗത്തിലാക്കണം. രാജ്യസഭയിൽ തെറ്റായ മറുപടി നൽകിയ മന്ത്രിക്കെതിരെ കേരളത്തിൽനിന്നുള്ള എം.പിമാർ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നും സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.