ന്യൂഡൽഹി: 2016ൽ നാഭയിലെ ജയിൽ ചാടിയ ഖലിസ്താൻ ഭീകരൻ കശ്മീർ സിങ് ഗാൽവാഡിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടി. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള കുറ്റവാളിയായ ഗാൽവാഡിയെ ബിഹാറിലെ മോത്തിഹാരിയിൽനിന്ന് പൊലീസുമായി ചേർന്ന് നടത്തിയ ദൗത്യത്തിലാണ് അറസ്റ്റ് ചെയ്തത്. ഹർവീന്ദർ സിങ് സന്ധു ഉൾപ്പെടെ വിദേശത്തു താമസിച്ച് പ്രവർത്തിക്കുന്ന ഖലിസ്താൻ തീവ്രവാദികളുമായി ഇയാൾക്ക് ബന്ധമുണ്ട്. ഖാലിസ്താൻ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2016ൽ നാഭ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഗാൽവാഡിക്ക് റിൻഡ ഉൾപ്പെടെ മറ്റ് ഖാലിസ്ഥാൻ തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ബബ്ബർ ഖൽസ ഇന്റർനാഷണലിൽ (ബി.കെ.ഐ) അംഗമായ ഗാൽവാഡി ഇന്ത്യയിൽ വിവിധ ഭീകര പ്രവർത്തനങ്ങൾ നടത്തിയ ശേഷം നേപ്പാളിലേക്ക് രക്ഷപ്പെട്ട തീവ്രവാദികൾക്ക് അഭയം, ലോജിസ്റ്റിക്കൽ പിന്തുണ, ഭീകര ഫണ്ടുകൾ എന്നിവ നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചു. പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുള്ള ആർ.പി.ജി ആക്രമണത്തിനും ഇയാൾ അക്രമികൾക്ക് സഹായം നൽകി.
ബി.കെ.ഐ, ഖലിസ്താൻ ലിബറേഷൻ ഫോഴ്‌സ് (കെ.എൽ.എഫ്), ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐ.എസ്.വൈ.എഫ്) തുടങ്ങിയ ഭീകര സംഘടനകൾ തമ്മിൽ വർധിച്ചുവരുന്ന ബന്ധം അന്വേഷിക്കുന്നതിനായി സമർപ്പിച്ച എൻ.ഐ.എ കേസിൽ ഗാൽവാഡിയ കുറ്റവാളിയാണ്. ഈ നിരോധിത സംഘടനകളുടെ നേതാക്കളും അംഗങ്ങളും സംഘടിപ്പിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനായി 2022 ആഗസ്റ്റിലാണ് എൻ.ഐ.എ സ്വമേധയാ കേസെടുത്തത്. ഇന്ത്യയിലുടനീളം ഭീകരാക്രമണങ്ങൾ നടത്തുന്നതിനായി അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, ഐ.ഇ.ഡികൾ എന്നിവയുൾപ്പെടെ കടത്തുന്നതിൽ ഇരു ഗ്രൂപ്പുകളും പങ്കാളികളായിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ.ഐ.എ ഗാൽവാഡിയെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും അയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റുകൾ പുറപ്പെടുവിക്കുകയും ചെയ്തു. അയാളെ പിടികൂടുന്നതിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2023 ജൂലൈയിൽ, സന്ധു, ലാൻഡ എന്നിവരുൾപ്പെടെ ഒമ്പത് വ്യക്തികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.