മാർച്ചിൽ ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഇന്ത്യൻ ആരാധകനായ ന്യൂസിലാൻഡ് പ്രധാന മന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ പുകഴ്ത്തിപ്പറഞ്ഞതിനു പിന്നാലെ അധികാരമേറ്റശേഷം ഇന്ത്യയിലേക്ക് ആദ്യ സന്ദർശനം നടത്താനൊരുങ്ങി ന്യൂസീലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ . മാർച്ച് 16 മുതൽ 20 വരെയാണ് സന്ദർശനം.

കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയുടെ സാമ്പത്തിക ശേഷിയെയും ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയെയും പ്രശംസിച്ച ലക്സൺ താൻ ഇന്ത്യയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞിരുന്നു. സാമ്പത്തിക ആശ്രിതത്വത്തെയും പ്രാദേശിക സുരക്ഷാ ആശങ്കകളെയും ചൊല്ലി ചൈനയുമായി സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്രിസ്റ്റഫർ ലക്സണിൻറെ ഇന്ത്യ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

മാർച്ച് 17 ന് ന്യൂഡൽഹിയിൽ എത്തുന്ന ലക്സൺ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വ്യാപാരം, പ്രതിരോധ സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കൽ എന്നിവ ചർച്ച ചെയ്യും. ഒപ്പം പ്രസിഡന്റ് ദ്രൗപതി മുർമുവുമായും കൂടികാഴ്ച നടത്തുമെന്നുമറിയിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ന്യൂസിലാൻഡ്-ഇന്ത്യ ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമമായാണ് ഈ സന്ദർശനത്തെ നോക്കികാണുന്നത്.

ന്യൂഡൽഹിയിൽ നടക്കുന്ന പ്രധാന ജിയോപൊളിറ്റിക്കൽ കോൺഫറൻസായ 10-ാ മത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി ലക്‌സൺ പങ്കെടുക്കും. അവിടെ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. ശേഷം ഇന്ത്യൻ ബിസിനസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കായി മാർച്ച് 19-20 തീയതികളിൽ അദ്ദേഹം മുംബൈ സന്ദർശിക്കും.

ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാൽ ലക്‌സൺ സർക്കാർ ഇന്തോ-പസഫിക് മേഖലയിൽ സാമ്പത്തിക ബന്ധങ്ങൾ വിശാലമാക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂസിലൻഡുമായി ഇന്ത്യയുടെ ബന്ധം സമീപ വർഷങ്ങളിൽ അത്ര നല്ല നിലയിലവായിരുന്നില്ല. നിലവിലെ ഇന്ത്യ സന്ദർശനം ഇതിൽ മാറ്റം വരുത്താനും ഇരു രാജ്യങ്ങൾക്കുമിടയിൽ കൃക്ഷി, വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ തുടങ്ങിയ മേഘലയിൽ സഹകരണം വളർത്താനും സഹായിക്കുമെന്നാണ് ഉന്നതതല നിരീക്ഷണം. ന്യൂസിലാൻഡ് ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിനാൽ, ലക്സണിന്റെ സന്ദർശനം മെച്ചപ്പെട്ട വ്യാപാര ചർച്ചകൾക്കും നിക്ഷേപ പങ്കാളിത്തങ്ങൾക്കും അടിത്തറ പാകുമെന്ന് പ്രതീക്ഷിക്കുന്നു

Tags:    
News Summary - Newzealand prime minister visits to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.