നേതാജി കൊല്ലപ്പെട്ടത് വിമാനാപകടത്തില്‍തന്നെ –ആശിഷ് റേ

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍തന്നെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന അനിഷേധ്യ തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്ന് അദ്ദേഹത്തിന്‍െറ മരുമകനും ഗവേഷകനുമായ ആശിഷ് റേ അവകാശപ്പെട്ടു. 1945 ആഗസ്റ്റ് 18ന് തായ്പേയിലുണ്ടായ (തായ്വാന്‍) വിമാനാപകടത്തിലാണ് സുഭാഷ് ബോസ് മരിച്ചത്.  ടോക്യോവിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്‍െറ ചിതാഭസ്മം ഇന്ത്യയില്‍ എത്തിക്കണമെന്നും കഴിയുമെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും റേ ആവശ്യപ്പെട്ടു.

വിമാനാപകട മരണം സ്ഥിരീകരിക്കുന്ന മൂന്ന് ആധികാരിക റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ജപ്പാന്‍ സര്‍ക്കാറിന്‍െറ കൈവശമാണ്. ഒരെണ്ണം റഷ്യയുടെ ചരിത്രരേഖ സൂക്ഷിപ്പുകേന്ദ്രത്തിലും. 1945ലോ അതിനുശേഷമോ സുഭാഷ് ചന്ദ്രബോസിന് റഷ്യയില്‍ (പഴയ സോവിയറ്റ് യൂനിയന്‍) പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് റഷ്യന്‍ സര്‍ക്കാറിന്‍െറ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂനിയനില്‍ ഒരുകാലത്തും അദ്ദേഹം തടവില്‍ കിടന്നിട്ടില്ല. എന്നാല്‍, നേതാജിക്ക് റഷ്യയില്‍ പോകണമെന്നുണ്ടായിരുന്നു.

ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള തന്‍െറ പദ്ധതികളെ കമ്യൂണിസ്റ്റ് രാജ്യമായ റഷ്യ  പിന്തുണക്കുമെന്ന് അദ്ദേഹം കരുതിയിരുന്നു. അതേസമയം, ജപ്പാന് തന്നെ സഹായിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം വിശ്വസിച്ചു. സോവിയറ്റ് യൂനിയനില്‍ തടഞ്ഞുവെക്കപ്പെട്ടാലും റഷ്യന്‍ സര്‍ക്കാറിന്‍െറ പിന്തുണയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ തുടരാമെന്നും അദ്ദേഹം കണക്കുകൂട്ടിയിരുന്നെന്നും റേ പറഞ്ഞു. നേതാജിയോട് വൈകാരികബന്ധമുള്ള വ്യക്തിയാണ് താന്‍. എന്നാല്‍, സത്യം പുറത്തു വരണം. അദ്ദേഹത്തിന്‍െറ മരണത്തെപ്പറ്റി നിരവധി തെളിവുകള്‍ മുന്നിലുള്ളപ്പോള്‍ അതെല്ലാം നിഷേധിച്ച് എത്രകാലം ഇങ്ങനെ മുന്നോട്ടുപോകണം. നേതാജിയുടെ ഉറ്റ അനുയായിയായിരുന്ന ഹബീബുര്‍ റഹ്മാന്‍ അടക്കം ആറോ ഏഴോ പേര്‍  വിമാനാപകട മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റേ പറഞ്ഞു.

Tags:    
News Summary - NETHAJI.png

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.