പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർന്ന സംഭവത്തിലൂടെ രാജ്യത്ത് ബി.ജെ.പി സർക്കാറിന് കീഴിൽ നടക്കുന്ന പ്രവേശന പരീക്ഷകൾ കേവല പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന് കീഴിലെ വിവിധ പ്രവേശന പരീക്ഷകളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ക്രമക്കേടുകളാണ് പുറത്തുവരുന്നത്. നിരവധി ദേശീയ പ്രവേശന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച, മാഫിയ സംഘങ്ങളുടെ ഇടപെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടുന്നത്. 2024 നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൽ സുപ്രീംകോടതി ഇടപെടുകയും പരീക്ഷ നടത്തുന്നതിലെ സുതാര്യതയെ സംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
നീറ്റ് യുജി 2026 -ൽ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. എന്നാൽ ചോദ്യപേപ്പർ ചോർന്നതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദ് ചെയ്തതു. ഇത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രവേശന പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ദീർഘകാലമായി പരിശീലനത്തിലായിരുന്ന വിദ്യാർഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനും കർശനമായ നടപടി സ്വീകരിക്കാനും ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.