ടീസ്റ്റയുടെ ജയിൽവാസം ആവശ്യമാണോ എന്ന് പരിശോധിക്കും –സുപ്രീംകോടതി

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കുടുക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ ജയിൽവാസം ആവശ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് യു.യു ലളിത്.

ടീസ്റ്റ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടു ദിവസത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോൾ ഹരജിക്കാരി ഇരുമ്പഴിക്കുള്ളിലാണെന്നും വ്യാഴാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിക്ക് കേസ് വീണ്ടും പരിഗണിച്ചു കൂടെ എന്നും ജസ്റ്റിസ് ലളിത് ചോദിച്ചു. ഈ കേസിന് പ്രത്യേകത ഒന്നുമില്ലെന്നായിരുന്നു ഗുജറാത്ത് സർക്കാറിന് വേണ്ടി ഹാജരായ മേത്തയുടെ പ്രതികരണം. തുടർന്ന് അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിവെച്ചു.

ടീസ്റ്റയുടെ ജാമ്യാപേക്ഷക്കുള്ള മറുപടി തയാറാണെന്നും എന്നാൽ, താൻ അതിൽ സംതൃപ്തനല്ലെന്നും മറുപടി നന്നാക്കാൻ രണ്ടു ദിവസം കൂടി വേണമെന്നുമാണ് മേത്ത വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. ശനിയാഴ്ചക്കകം മറുപടി സമർപ്പിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുള്ള മറുപടി തിങ്കളാഴ്ച നൽകാൻ ടീസ്റ്റയുടെ അഭിഭാഷകനോടും കോടതി നിർദേശിച്ചു.

ഈ കേസിൽ പ്രത്യേകിച്ചൊന്നുമില്ലെന്ന് മേത്ത വാദിച്ചു. എന്നാൽ, പ്രത്യേകിച്ചൊന്നുമില്ലെങ്കിലും ഹരജിക്കാരി ജയിലിലാണെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു. ജയിൽ വാസം നിയമ പ്രകാരമാണെന്നും കുറ്റകൃത്യം ഗൗരവമേറിയതാണെന്നും മേത്ത ന്യായീകരിച്ചു. തങ്ങളും അതാണ് പരിശോധിക്കുന്നതെന്നും ജയിൽവാസം ആവശ്യമുണ്ടോ എന്നറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് ലളിത് പ്രതികരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ചില പ്രതികളുടെ അഭിഭാഷകനായിരുന്ന താൻ ടീസ്റ്റയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ ആക്ഷേപമുണ്ടോ എന്ന് ടീസ്റ്റയുടെ അഭിഭാഷകൻ കപിൽ സിബലിനോട് ജസ്റ്റിസ് ലളിത് നേരത്തെ ചോദിച്ചിരുന്നു. പ്രശ്നമില്ലെന്ന് സിബൽ അറിയിച്ചതിനെ തുടർന്നാണ് കേസ് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

Tags:    
News Summary - Need to test whether Teesta Setalvad’s incarceration is required in accordance with the law: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.