മധ്യപ്രദേശിലെ കുളത്തിൽ നൂറു കണക്കിന് ഒറിജിനൽ വോട്ടർ ഐ.ഡികൾ; രാഹുലിന്റെ ‘വോട്ട് ചോർ’ ആരോപണം പ്രതിഫലിപ്പിക്കുന്നുവെന്ന് കോൺഗ്രസ്

ഭോപാൽ: മധ്യപ്രദേശിലെ ബിജാവറിലെ പ്രാദേശിക കുളത്തിൽ നിന്ന് നൂറുകണക്കിന് ഒറിജിനൽ വോട്ടർ ഐ.ഡി കാർഡുകൾ കണ്ടെടുത്തു. കുളത്തി​ന്റെ ശുചീകരണ പ്രവൃത്തിക്കിടെയാണ് സംഭവം. 15 ാം വാർഡിലെ വോട്ടർ ഐ.ഡികൾ ഉൾപ്പെടുന്ന സംഭവം വെളിച്ചത്തുവന്നതോടെ അധികൃതർ അടിയന്തര അന്വേഷണം ആരംഭിച്ചു.

ശുചീകരണ തൊഴിലാളികൾ കുളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടുവെനും അത് എടുത്ത് തുറന്നുനോക്കിയ​പ്പോൾ 500റോളം വോട്ടർ ഐ.ഡി കാർഡുകൾ കണ്ടെത്തിയെന്നും പ്രാദേശിക റി​പ്പോർട്ടുകൾ പറയുന്നു. കാർഡുകളുടെ ആധികാരികത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിന് മുമ്പു തന്നെ ഈ കാർഡുകൾ അപ്രത്യക്ഷമായിരിക്കാമെന്ന് ഗ്രാമവാസികൾ കരുതുന്നു. കണ്ടെടുത്ത എല്ലാ കാർഡുകളും ഇപ്പോൾ പ്ര​ദേശിക ഭരണകൂടത്തിന്റെ പക്കലാണുള്ളത്.

ഇത്രയധികം വോട്ടർ കാർഡുകൾ എങ്ങനെയാണ് കുളത്തിൽ എത്തിയതെന്ന് കണ്ടെത്താൻ ഛത്തർപൂർ ജില്ലാ ഭരണകൂടം പ്രാഥമിക അന്വേഷണം ആരംഭിച്ചു. 

സംഭവം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. വോട്ടർ ഐ.ഡി കാർഡുകൾ അടങ്ങിയ ബാഗുകളുടെ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോർ ഗഡ്ഡി ഛോഡ്’ ആരോപണത്തെ ഈ സംഭവം സാധൂകരിക്കുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് ദീപ്തി പാണ്ഡെ പറഞ്ഞു.

നൂറുകണക്കിന് വോട്ടർ കാർഡുകൾ എങ്ങനെയാണ് കുളത്തിൽ എത്തിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗഗൻ യാദവ് ആവശ്യപ്പെട്ടു. ഉത്തരം നൽകിയില്ലെങ്കിൽ തെരുവിൽ പ്രതിഷേധങ്ങൾ നടത്തുമെന്നും യാദവ് മുന്നറിയിപ്പു നൽകി.

Tags:    
News Summary - Nearly 500 Genuine Voter ID Cards Found Floating In MP Pond, Probe Ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.