ആദ്യമായി കടൽ കാണുന്ന 80 കാരൻ
ഭുവനേശ്വർ: ജീവിതത്തിൽ ആദ്യമായി കടൽ കാണുന്ന 80 കാരന്റെ ഹൃദയസ്പർശിയായ നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം മകൻ സഫലമാക്കിയതിന്റെ സന്തോഷമാണ് ഈ വീഡിയോയെ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലേക്ക് എത്തിച്ചത്.
ഇൻസ്റ്റഗ്രാമിലെ @bhukkhad_musafir എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ്, മകൻ ശ്രീകാന്ത് തന്റെ 80 വയസ്സുള്ള പിതാവിനെ ആദ്യമായി കടൽ കാണാൻ കൊണ്ടുപോകുന്നത്. ഇരുവരും ഒഡീഷയിലെ കൊണാർക്കിനടുത്തുള്ള ചന്ദ്രഭാഗ ബീച്ചാണ് സന്ദർശിക്കുന്നത്.
തീരത്ത് എത്തിയപ്പോൾ അനന്തമായി പരന്നുകിടക്കുന്ന സമുദ്രം കണ്ട വയോധികൻ ആദ്യം കൈകൂപ്പി വണങ്ങി. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആദരവും നന്ദിയും നിറഞ്ഞ ആ നിമിഷം നിരവധിപേരുടെ ഹൃദയം കീഴടക്കി. തിരമാലകൾ കാലിൽ തട്ടിയെത്തുമ്പോൾ സന്തോഷിക്കുന്നതും കാണാം.
‘ഇത്ര മനോഹരമായ കാഴ്ച ജീവിതത്തിൽ ഒരിക്കലും കാണുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല’ -80 കാരൻ പറയുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ വികാരനിർഭരമായ പ്രതികരണങ്ങളുമായി എത്തി. പ്രകൃതിയെ കൈകൂപ്പി വണങ്ങിയ അദ്ദേഹത്തിന്റെ വിനയവും ആദരവുമാണ് ഏറ്റവും കൂടുതൽ സ്പർശിച്ചതെന്നാണ് കൂടുതൽ കമന്റുകൾ.
‘ഇന്ന് സമുദ്രവും സന്തോഷിച്ചിട്ടുണ്ടാകും. ആദ്യമായി ഒരാൾ എന്നെ കാലുകൊണ്ടല്ല, കൈകൂപ്പി വണങ്ങിയാണ് സ്പർശിച്ചത്’ -എന്നാണ് മറ്റൊരു കമന്റ്. ‘അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം പ്രകൃതിയെ വണങ്ങുക എന്നതായിരുന്നു. പ്രകൃതി എത്ര വിലമതിക്കാനാകാത്ത സമ്പത്താണെന്ന് അദ്ദേഹം അറിയാം’ -എന്ന് മറ്റൊരാൾ കുറിച്ചു.
മാതാപിതാക്കളുടെ ചെറിയ ആഗ്രഹങ്ങൾ പോലും സാധ്യമാക്കാൻ മക്കൾ ശ്രമിക്കണമെന്ന സന്ദേശവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഒരു കമന്റ് ഇങ്ങനെയാണ്, ‘2021 ൽ 64-ാം വയസ്സിൽ ഞാൻ എന്റെ അമ്മയെ ആദ്യമായി കടൽ കാണാൻ കൊണ്ടുപോയിരുന്നു. ആ സന്തോഷം ഇന്നും മനസ്സിലുണ്ട്. 2024 ഫെബ്രുവരി 21ന് അമ്മ വിടപറഞ്ഞെങ്കിലും, ഇന്നും മുംബൈയിലെ ജുഹു ബീച്ചിൽ ഉപ്പുവെള്ളത്തിൽ കാലുകൾ മുക്കിനിൽക്കുന്ന അമ്മയുടെ ചിത്രം മനസ്സിലുണ്ട്’. ഇതിനകം 50 ലക്ഷത്തോളം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
വീഡിയോ പങ്കുവെച്ച 80കാരന്റെ മകൻ ശ്രീകാന്തും എല്ലാവർക്കും നന്ദി അറിയിച്ചു. ‘ഓരോ കമന്റും ഞാൻ അച്ഛന് വായിച്ചുകൊടുക്കുന്നുണ്ട്. ആളുകൾ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിരിയാൻ കാരണമായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി’ -എന്നാണ് ശ്രീകാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.