ന്യൂഡൽഹി: പുതുതായി പുറത്തിറക്കിയ ചരിത്ര പാഠപുസ്തകത്തിൽ മുഗൾ ഭരണാധികാരികളെ കൂട്ടക്കൊലപാതകികളെന്നും ക്ഷേത്രങ്ങൾ നശിപ്പിച്ചവരെന്നും വിശേഷിപ്പിച്ച് എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി തയാറാക്കിയ പുസ്തകത്തിലാണ് മുഗൾ ഭരണാധികാരികളായ ബാബർ, അക്ബർ, ഔറംഗസേബ് എന്നിവരെ കൊലപാതകികൾ എന്നും ക്ഷേത്രങ്ങൾ തകർത്തവരെന്നും വിശേഷിപ്പിച്ചിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020, സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവ പ്രകാരം പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഭാഗമാണ് ഈ പാഠപുസ്തകങ്ങൾ. എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് (ഭാഗം 1) എന്ന പുസ്തകത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമിക്കൽ എന്ന തലക്കെട്ടിൽ പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യൻ ചരിത്രം ഉൾക്കൊള്ളുന്ന അധ്യായങ്ങൾ പുസ്തകത്തിൽ ഉണ്ട്.
ഡൽഹി സുൽത്താനേറ്റിന്റെ ഉയർച്ചയും തകർച്ചയും, അതിനെതിരായ ചെറുത്തുനിൽപ്പ്, വിജയനഗര സാമ്രാജ്യം, മുഗളന്മാർ, അവർക്കെതിരായ ചെറുത്തുനിൽപ്പ്, സിഖ് മതത്തിന്റെ ഉദയം എന്നിവ ഇതിൽ വിശദമായി പ്രതിപാദിക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഹിന്ദു, ജൈന, ബുദ്ധ ക്ഷേത്രങ്ങൾ പതിവായി നശിപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നു അതെന്ന് പുസ്തകത്തിൽ പറയുന്നു.
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിനെ കൂട്ടക്കൊല നടത്തുകയും തലയോട്ടി ഗോപുരങ്ങൾ സ്ഥാപിക്കുകയും ചെയ്ത ക്രൂരനെന്നാണ് അടയാളപ്പെടുത്തുന്നത്. അക്ബർ ചക്രവർത്തി കൂട്ടക്കൊലയും മതപ്രചാരണവും നടത്തിയതായും ഹിന്ദുസ്ഥാനിലുടനീളമുള്ള ക്ഷേത്രങ്ങൾ നശിപ്പിച്ചതായും പരാമർശിക്കുന്നു. മഥുര, ബനാറസ്, സോമനാഥ്, സിഖ്, ജൈന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സ്കൂളുകളും തകർത്ത വ്യക്തിയായാണ് ഔറംഗസീബിനെ പുസ്തകം അടയാളപ്പെടുത്തുന്നത്.
അതേസമയം, മറാത്ത സാമ്രാജ്യ ഭരണാധികാരിയായ ഛത്രപതി ശിവജി മഹാരാജ് മറ്റ് മതങ്ങളെ ബഹുമാനിക്കുകയും ക്ഷേത്രങ്ങൾ പുനർനിർമിക്കുകയും ചെയ്ത ഒരു മികച്ച തന്ത്രജ്ഞനും, മതേതര ദർശനാത്മക ഭരണാധികാരിയുമായിരുന്നു എന്ന് പുസ്തകങ്ങൾ അവകാശപ്പെടുന്നു.
ചരിത്ര പുസ്തകങ്ങൾ സന്തുലിതവും പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് പുതിയ പരിഷ്കരണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഒരു എൻ.സി.ഇ.ആർ.ടി ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കാല സംഭവങ്ങൾക്ക് ഇന്ന് ആരെയും കുറ്റപ്പെടുത്തരുതെന്ന് വ്യക്തമാക്കുന്നതിന് ഒരു മുന്നറിയിപ്പ് കുറിപ്പ് പുസ്തകത്തിൽ ചേർത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കാൻ എൻ.സി.ഇ.ആർ.ടി തീരുമാനിച്ചിരുന്നു. മഹാ കുംഭമേളയെക്കുറിച്ചുള്ള പരാമർശങ്ങൾ, മെയ്ക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ തുടങ്ങിയ സർക്കാർ സംരംഭങ്ങൾ എന്നിവ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഓരോ വർഷവും നാല് കോടിയിലധികം വിദ്യാർഥികൾ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഏറ്റവും ഉയർന്ന അതോറിറ്റിയാണ് എൻ.സി.ഇ.ആർ.ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.