നവാബ് മാലിക്കിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബി.ജെ.പി

മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നവാബ് മാലികിന്‍റെ അറസ്റ്റിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ നവാബ് മാലികിന്റെ അറസ്റ്റ് ആഘോഷിച്ചത്. അതേസമയം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ദേശീയ ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുന്നെന്ന ആരോപണവുമായി എൻ.സി.പിയടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലും നവാബ് മാലികിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാരിനെതിരെ പരസ്യ യുദ്ധത്തിനിറങ്ങുകയാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ മഹാരാഷ്ട്ര സർക്കാരിന്റെ പ്രധാന പോരാളിയായിരുന്നു നവാബ് മാലിക്. കേന്ദ്ര സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ കൊണ്ട് വന്നു സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നവാബ് മാലിക് അന്ന് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച അന്നത്തെ എൻ.സി.ബി സോണൽ ഓഫീസർ സമീർ വാങ്കഡെക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും മാലിക് ഉന്നയിച്ചു.

നവാബ് മാലികിന്റെ മരുമകനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും നവാബ് മാലിക് ഇടവേളകളില്ലാത്ത ആക്രമണമാണ് നടത്തിയത്. സമീർ വാങ്കഡെക്ക് പിന്നിൽ കേന്ദ്ര സർക്കാർ ഉറച്ചു നിന്നെങ്കിലും അന്തിമ വിജയം നവാബ് മാലിക് ഉൾപ്പെട്ട മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനായിരുന്നു. ഏറ്റവും ഒടുവിൽ സമീർ വാങ്കഡെയെ മഹാരാഷ്ട്ര സർക്കാർ എക്സൈസ് കേസിലും പ്രതിയാക്കി.

കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ അംഗവുമായ നാരായൺ റാണെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെല്ലാം പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍, നവാബ്‌ മാലികിന്റെ അറസ്റ്റ് ആഘോഷിച്ചു. മുംബൈയിലെ ബി.ജെ.പി പാർട്ടി ആസ്ഥാനത്തു പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ നവാബ് മാലികിന്‍റെ അറസ്റ്റ് ആഘോഷിച്ചത്. നവാബ് എത്രയും വേഗം മന്ത്രി സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടും ബി.ജെ.പി നേതാക്കൾ കളത്തിലിറങ്ങിക്കഴിഞ്ഞു. സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും തമ്മിലുള്ള ഒരു തുറന്ന പോരിനായിരിക്കും വരും ദിവസങ്ങൾ സാക്ഷ്യംവഹിക്കുക. 

Tags:    
News Summary - Nawab Malik Arrest: Celebrations at BJP leaders' residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.