ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ കോളുകളിൽ എം.ബി.ബി.എസ് സീറ്റ് വർധിപ്പിക്കുന്നതിനും പുതിയ കോളജുകൾ തുടങ്ങുന്നതിനുമുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി). രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളജുകളിൽ ബിരുദ മെഡിക്കൽ സീറ്റുകളിൽ ഗണ്യമായ വർധനവിന് വഴിതുറന്ന നിയമം എം.ബി.ബി.എസിന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സീറ്റ് കിട്ടാതെ പഠനത്തിന് രാജ്യം വിടേണ്ട സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാൻ ഇതു സഹായിക്കും.
മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട 2023 ലെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങളിൽ (യു.ജി-എം.എസ്.ആർ 2023) ഭേദഗതി വരുത്തി കമ്മീഷൻ ഉത്തരവിറക്കി. 2024–25 അധ്യയന വർഷം മുതൽ ഒരു കോളേജിന് ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 150 ആയി പരിമിതപ്പെടുത്തിയിരുന്ന വ്യവസ്ഥ ഭേദഗതിയിൽ എടുത്തുമാറ്റിയതാണ് ഇതിൽ പ്രധാനം. ഈ വ്യവസ്ഥ നീക്കംചെയ്തതോടെ, മറ്റ് നിയന്ത്രണങ്ങൾക്ക് വിധേയമായി മെഡിക്കൽ കോളേജുകൾക്ക് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയും.
സംസ്ഥാനങ്ങൾ 10 ലക്ഷം ജനസംഖ്യയ്ക്ക് 100 എം.ബി.ബി.എസ് സീറ്റുകൾ എന്ന അനുപാതം നിലനിർത്തണമെന്ന നിബന്ധനയും കമ്മീഷൻ നീക്കം ചെയ്തു. ഇത് സീറ്റ് വിപുലീകരണ പ്രക്രിയ ലളിതമാക്കും. കൂടുതൽ മെഡിക്കൽ കോളജുകൾ തുടങ്ങുന്നതിനും ഭേദഗതി സഹായകമാവും. ഒരു മെഡിക്കൽ കോളേജും അതിന്റെ അധ്യാപന ആശുപത്രിയും തമ്മിലുള്ള ദൂര പരിധി മാനദണ്ഡവും എൻ.എം.സി പരിഷ്കരിച്ചു. ഇരു സ്ഥാപനങ്ങളും തമ്മിൽ 30 മിനിറ്റ് യാത്രാ സമയ പരിധി എന്നത് മാറ്റി, പരമാവധി 10 കിലോമീറ്റർ ദൂരമാണ് നിദേശിക്കുന്നത്. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് ദൂരപരിധി 15 കിലോമീറ്ററായി ഇളവ് ചെയ്തിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസം കൂടുതൽ പ്രാപ്യമാക്കുന്നതിനും വർധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്ക് അനുസൃതമായി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുയുമാണ് സർക്കാരിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.