ന്യൂഡൽഹി: സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. മലയാളത്തില്‍നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകരും നിരൂപകരും. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാന്ധം എന്നിവയാണ് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന മലയാള ചിത്രങ്ങള്‍.
11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഇന്നലെ പൂര്‍ത്തിയായി. സംവിധായകന്‍ ജയരാജാണ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാൻ. 2024-ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങൾ 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിക്കുന്നത്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌ത ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ദേശീയ അവാര്‍ഡും ഭ്രമയുഗത്തിലൂടെ ലഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.
ചിദംബരം സംവിധാനം ചെയ്‌ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ച മികച്ച പ്രതികരണവും അവാർഡ് പ്രതീക്ഷ നൽകുന്നു. ചിത്രം റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്‌റ്റിവലിൽ ഉൾപ്പെടെ മത്സരിച്ചിരുന്നു.
ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത ഈ ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടി. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് വിജയ രാഘവനും മത്സരത്തിനുണ്ട്.
കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളി താരങ്ങളെ തേടിയെത്തിയിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനായപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വശി സ്വന്തമാക്കി.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ത്യൻ സിനിമയിലെ കലാമികവിനും സാങ്കേതിക മികവിനും നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നാണ്. രാജ്യത്തെ വിവിധ ഭാഷകളിലെ മികച്ച സിനിമകളെയും കലാകാരന്മാരെയും ആദരിക്കൽ കൂടിയാണ് പുരസ്കാരം കൊണ്ട് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.