തമിഴ്നാട്ടിൽ ബാറുകൾക്കും പൂട്ടിട്ട് വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ (ടാസ്മാക്) റീട്ടെയിൽ മദ്യശാലകളോട് ചേർന്നുള്ള 2,640 ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ. ലൈസൻസ് കാലാവധി ജൂൺ 30ന് അവസാനിച്ചതിനെ തുടർന്നാണ് നടപടി. കാലാവധി നീട്ടേണ്ടെന്നും പുതിയ ടെൻഡറുകൾ വിളിച്ച് ലൈസൻസ് നൽകിയശേഷം മാത്രം ബാറുകൾക്ക് അനുമതി നൽകിയാൽ മതിയെന്നുമാണ് സർക്കാർ നിർദേശം.

തമിഴ്‌നാട് സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ടാസ്മാക്കാണ് സംസ്ഥാനത്ത് മദ്യത്തിന്റെ മൊത്തക്കച്ചവടവും ചില്ലറവിൽപനയും നടത്തുന്നത്. ടാസ്‌മാക് കടകളിൽ നിന്നു വാങ്ങുന്ന മദ്യം കുടിക്കാൻ സൗകര്യം ഒരുക്കുകയും വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങൾക്കാണ് ബാർ ലൈസൻസ് നൽകിയിരുന്നത്. ഇത്തരം ബാറുകൾക്കാണ് പൂട്ട് വീഴുക. ഈ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലെ മദ്യപാനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ പൊലീസിനോട് നിർദേശിച്ചു.

അതത് ജില്ലകളിലെ ബാറുകളിൽ പരിശോധന നടത്തി, തുറന്നുപ്രവർത്തിക്കുന്നവ ഉടൻ പൂട്ടി സീൽ വെക്കാൻ ടാസ്മാക് ജില്ല മാനേജർമാർക്ക് നിർദേശ നൽകിയിരുന്നു. എന്നാൽ, വിവിധയിടങ്ങളിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. ലൈസൻസ് കാലാവധി കഴിഞ്ഞ ബാറുകൾ അടച്ചിടണമെന്ന നിർദേശം വകവെക്കാതെയാണ് പ്രവർത്തനം.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമുള്ള പല മദ്യശാലകളിലും ബാറുകൾ പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിൽ ടാസ്മാക് അധികൃതർ പരാജയപ്പെട്ടത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ബാറുകൾ പൂട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറോ ടാസ്മാകോ പൊതുജനങ്ങൾക്ക് യാതൊരു അറിയിപ്പും നൽകാത്തത് ഉപഭോക്താക്കൾക്കും ലൈസൻസ് ഉടമകൾക്കുമിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. 

വി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടൻ ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 4765 ടാസ്മാക് ഔട്ട്‌ലറ്റുകളാണുള്ളത്.

Tags:    
News Summary - 2,640 Bars Closed in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.