പ്രധാനമന്ത്രീ, നിങ്ങൾ എന്താണ് പറയുന്നതും പ്രവർത്തിക്കുന്നതുമെന്ന് രാജ്യം കാണുന്നുണ്ട്; ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂ‍ക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾ എന്താണ് പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

''അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്ന് വയസ്സുകാരിയായ മകളെ കൊല്ലുകയും ചെയ്തവരെ 'ആസാദി കി അമൃത മഹോത്സവ്' ആഘോഷങ്ങൾക്കിടെ വിട്ടയച്ചു. സ്ത്രീ ശക്തിയെക്കുറിച്ച് സംസാരിക്കുന്നവർ രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണ്? പ്രധാനമന്ത്രീ, നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് രാജ്യം കാണുന്നുണ്ട്'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ സ്ത്രീകളെ ബഹുമാനിക്കണമെന്നും രാജ്യത്തെ പെൺകരുത്തിനെ പിന്തുണക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യസമരത്തിലെ വനിത സമരസേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ യഥാർഥത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെങ്കിൽ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടി റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെലങ്കാന മന്ത്രി രാമറാവുവും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമനൽ ചട്ടങ്ങളിലും ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2002 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തുകയും ചെയ്തു. ബാനുവിന്‍റെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പിന്നീട് മുംബൈ ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.

15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രിംകോടതി നിർദേശിച്ചു. സർക്കാർ ഇതിനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ തീരുമാനിക്കുകയുമായിരുന്നു. സമിതിയുടെ ശിപാർശ അഗീകരിച്ച സർക്കാർ പ്രതികളെ വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കേന്ദ്രസർക്കാറിന്‍റെ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടിയക്കാൻ കഴിയില്ല. എന്നാൽ 2008ൽ കേസിലെ വിധി വരുമ്പോൾ 1992ലെ നിയമമായിരുന്നു പ്രാബല്യത്തിലെന്നും അതുകൊണ്ട് അതനുസരിച്ചാണ് പ്രതികളെ വിട്ടയച്ചതെന്നുമായിരുന്നു ഗുജറാത്ത് സർക്കാറിന്‍റെ വാദം. 2014ലാണ് ഇതുസംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ നിലവിൽവന്നത്. 

Tags:    
News Summary - Nation is watching what you say vs what you do, says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.