രജനി കുമാർ ഷാ ഭർതൃമാതാവ് ദേബന്തി ഷാക്കൊപ്പം അവരുടെ വീട്ടിൽ
കൊൽക്കത്ത: ഇന്ത്യൻ സായുധ സേനയുടെ ‘ഓപ്പറേഷൻ സിന്ദൂരി’ൽ രാജ്യം സന്തോഷിക്കവെ, കഴിഞ്ഞ മാസം മുതൽ പാകിസ്താന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷായുടെ അവസ്ഥയെക്കുറിച്ച് കടുത്ത അനിശ്ചിതത്വത്തിലും ആശങ്കയിലും അമർന്ന് കുടുംബം.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയെ രാജ്യം മുഴുവൻ പ്രശംസിക്കുന്ന വേളയിൽ തന്നെ പിടിക്കപ്പെട്ട ബി.എസ്.എഫ് ജവാന്റെ ഭാര്യ രജനി ഭർത്താവ് പൂർണത്തെക്കുറിച്ച് അതീവ ആശങ്കാകുലയാണെന്ന് ‘ദ ടെലഗ്രാഫ്’ ആണ് റിപ്പോർട്ട് ചെയ്തത്.
‘എന്റെ ഭർത്താവിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അദ്ദേഹം ഒരു ശത്രുരാജ്യത്തിന്റെ കസ്റ്റഡിയിലാണ്. പാകിസ്താൻ പ്രദേശത്ത് ആക്രമണം നടന്നിട്ടുണ്ട്. പാകിസ്താനിൽ അവർ എന്റെ ഭർത്താവിനോട് നന്നായി പെരുമാറുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? - ഹൂഗ്ലിയിലെ റിഷ്രയിലെ വീട്ടിൽവെച്ച് ഭയചകിതയായി രജനി ചോദിച്ചു.
ഓപ്പറേഷൻ സിന്ദൂർ നടത്തിയിട്ടും ഭർത്താവിന്റെ മോചനം ഉറപ്പാക്കാനുള്ള നടപടികൾ വൈകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഗർഭിണിയായ 34കാരി പറഞ്ഞതായി ടെലഗ്രാഫിനോട് പറയുന്നു. ‘15 ദിവസമായിട്ട് എന്റെ ഭർത്താവ് പാകിസ്താന്റെ കസ്റ്റഡിയിലാണ്. ഇന്ത്യ പാകിസ്താനെതിരെ നടപടിയെടുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ, എന്റെ ഭർത്താവിന്റെ മോചനം നേടിയതിനുശേഷം അത് ആരംഭിക്കുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ’യെന്നും അവർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്പൂരിനടുത്ത് ഇന്ത്യ-പാകിസ്താൻ അതിർത്തി കടന്നതിനുപിന്നാലെ പൂർണമിനെ പാകിസ്താൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തു. നിരവധി ഫ്ലാഗ് മീറ്റിങ്ങുകളും പാകിസ്താൻ സേനയുമായുള്ള ഇടപെടലുകളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ വിട്ടയച്ചിട്ടില്ല.
ബുധനാഴ്ച പുലർച്ചെ ഒരു ബന്ധു ഓപ്പറേഷൻ ‘സിന്ദൂരിനെ’ക്കുറിച്ച് പറയുന്നതുവരെ ഷാ കുടുംബത്തിന് അതെക്കുറിച്ച് അറിയില്ലായിരുന്നു. തുടർന്നുള്ള വിവരങ്ങൾ അറിയാൻ കുടുംബം ഉടനടി ടെലിവിഷൻ ഓണാക്കി. പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികൾക്ക് നീതി ലഭിക്കുമെന്ന ബോധം ഉടൻ തന്നെ പൂർണമിനെക്കുറിച്ചുള്ള ഉത്കണ്ഠക്ക് വഴിമാറി.
‘ഓപ്പറേഷനിൽ ഞങ്ങളുടെ എല്ലാ അയൽക്കാരും ഇന്ത്യൻ സേനയെ പ്രശംസിക്കുന്നു. ഞങ്ങളുടെ പൂർണം ഇപ്പോൾ വീട്ടിലെത്തിയിരുന്നെങ്കിൽ ഞങ്ങളുടെ സന്തോഷം ഇതിലും കൂടുതലാകുമായിരുന്നു’ ഒരു കുടുംബാംഗം പറഞ്ഞു.
ഇപ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്കറിയില്ലെന്ന് പൂർണത്തിന്റെ അമ്മ ദേബന്തി ഷാ പറയുന്നു. ഇതിനകം രണ്ടാഴ്ച കഴിഞ്ഞു. എനിക്ക് ഒന്നും പറയാനില്ലെന്നും ദേബന്തി പറഞ്ഞു.
രണ്ടു ദിവസം മുമ്പ് അന്താരാഷ്ട്ര അതിർത്തി കടന്ന പാകിസ്താൻ റേഞ്ചേഴ്‌സിലെ ഒരു അംഗത്തെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തപ്പോൾ, ഒരു കൈമാറ്റ നടപടിയിലൂടെ പൂർണം മോചിപ്പിക്കപ്പെടുമെന്ന് അവർ കരുതി. ഇന്ത്യൻ സൈന്യം പാകിസ്താനിൽ നടത്തിയ ആക്രമണ വാർത്തയോടെ ആ പ്രതീക്ഷയുടെ കിരണം അപ്രത്യക്ഷമായി.
കഴിഞ്ഞയാഴ്ച പത്താൻകോട്ടിലെ ബി.എസ്.എഫ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി സംസാരിച്ച രജനി, അവർ തന്റെ ഫോൺ നമ്പർ വാങ്ങിയെങ്കിലും പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ഇനി എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്ന് അവർ പറയുന്നു.
മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം സൊറാംപൂർ എം.പി കല്യാൺ ബാനർജിയെ ബന്ധപ്പെട്ടതായി പറഞ്ഞു. മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കണമെന്നും പാകിസ്താൻ കസ്റ്റഡിയിൽ നിന്ന് പൂർണത്തെ മോചിപ്പിക്കണമെന്നും കുടുംബം ആഗ്രഹിക്കുന്നു.
‘വീട്ടിൽ ഇരുന്നുകൊണ്ട് എനിക്ക് എന്തുചെയ്യാൻ കഴിയും? എന്റെ ഭർത്താവിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ബി.എസ്.എഫ് ഉദ്യോഗസ്ഥരെ വിളിക്കാൻ മാത്രമേ കഴിയൂ’ -രജനി പറഞ്ഞു. കേന്ദ്രവുമായി ഔദ്യോഗികമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കാൻ താൻ ദീദിയെ (മുഖ്യമന്ത്രി മമത ബാനർജി) കാണുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.